അഭിമാനകരമായ അംഗീകാരം

Sunday 07 November 2021 12:30 AM IST

കൊവിഡിന്റെ കരാളഹസ്തങ്ങളിൽ നിന്ന് രണ്ട് വർഷത്തോളമായിട്ടും ലോകം മുക്തമായിട്ടില്ല. ലോകമൊട്ടാകെ അമ്പതുലക്ഷത്തിലധികം പേ‌ർക്ക് ജീവഹാനി സംഭവിച്ചു. ഇതിനകം നാലരലക്ഷത്തിലധികം പേർ ഇന്ത്യയിലും മരണമടഞ്ഞു. ഏതൊരു രാജ്യവും ഇതുപോലൊരു പ‌ക‌ർച്ചവ്യാധിയുടെ മുന്നിൽ പകച്ചു പോകും. വികസിത രാജ്യങ്ങൾക്ക് പോലും ആദ്യഘട്ടങ്ങളിൽ കാലിടറി. ഇന്ത്യ മുമ്പെങ്ങും ഇല്ലാത്തവിധം കരുതലോടെയും ശക്തിയോടെയുമാണ് കൊവിഡിനെ നേരിട്ടത്. എന്നാൽ ആദ്യത്തെ ഒരു വർഷം പിന്നിട്ടപ്പോൾ രോഗവ്യാപനം കെെപ്പിടിയിലൊതുക്കുകയും ഇന്ത്യ ആഭ്യന്തരമായി നിർമ്മിച്ച ആദ്യത്തെ കൊവി‌ഡ് -19 വാക്സിനായ കൊവാക്സിൻ വികസിപ്പിച്ചെടുക്കുകയും പുറമെ 100കോടി വാക്സിനേഷൻ പൂർത്തിയാക്കുകയും ചെയ്തു. കൊവാക്സിന് ലോകാരോഗ്യ സംഘടന ഏറ്റവും ഒടുവിൽ അംഗീകാരം നല്‌കിയത് ഏതൊരു ഭാരതീയനും അഭിമാനിക്കാൻ വക നല്‌കുന്നു. ഒരു രാജ്യം വളരുന്നതിന്റെ ലക്ഷണമാണത്. 18 വയസിന് മുകളിലുള്ളവരിൽ അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‌കിയിരിക്കുന്നത്. ഇതോടെ കൊവാക്സിൻ രണ്ട് ഡോസ് എടുത്തവർക്ക് അന്താരാഷ്ട്ര യാത്രകളിൽ ക്വാറന്റീൻ അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാകും. ഇത് കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോകുന്നവർക്ക് പ്രയോജനം ചെയ്യും.

കൊവാക്സിൻ കൊവിഡിനെതിരെ 77.8 ശതമാനവും ഡെൽറ്റ വകഭേദത്തിനെതിരെ 65.2 ശതമാനവും സംരക്ഷണം നല്‌കുന്നതായി തെളിഞ്ഞിട്ടുണ്ട്. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കൊവാക്സിന് അംഗീകാരം ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ വിദഗ്ദ്ധരും ഗവേക്ഷകരും അടങ്ങുന്ന പാനലിന്റെ അനുമതി ലഭിക്കുക വലിയ അംഗീകാരം തന്നെയാണ്. ഇതോടെ കൊവാക്സിന്റെ ലഭ്യത ആഗോളതലത്തിൽ ഉറപ്പിക്കാനാവും. ഇത് സാമ്പത്തികമായി പിന്നാക്കം നില്‌ക്കുന്ന നിരവധി രാജ്യങ്ങൾക്ക് ഗുണകരമാകും. ഒന്നാമത് കൊവാക്സിൻ ഒരു വർഷം വരെ സൂക്ഷിച്ച് വയ്ക്കാനാകും. ഇത് ശേഖരിച്ച് വയ്ക്കാൻ മറ്റു ചില വാക്സിനുകൾക്ക് വേണ്ടിവരുന്ന വലിയ തോതിലുള്ള സജ്ജീകരണങ്ങൾ ആവശ്യമില്ല. അതിനാൽ അവികസിത രാജ്യങ്ങൾക്കും മറ്റും താങ്ങാവുന്ന ചെലവിൽ ഇത് സംഭരിക്കാനാകും. ഒരുപക്ഷേ തദ്ദേശീയമായി കൊവിഡിനെതിരെയുള്ള വാക്സിൻ നമുക്ക് നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ രാജ്യത്തെ ആകെ ജനങ്ങൾക്കും ആവശ്യമായ വാക്സിനു വേണ്ടി വലിയ രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യക്ക് കെെനീട്ടി നിൽക്കേണ്ടി വരുമായിരുന്നു. ആ സ്ഥിതിവിശേഷം ഒഴിവാക്കിയ കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനങ്ങളും ശ്ളാഘിക്കപ്പെടേണ്ടതാണ്.

ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും സർക്കാർ മേഖലയിൽ മാത്രമേ പാടുള്ളൂ എന്നതിൽ നിന്ന് മാറി സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ചാൽ ഇതുപോലെ വലിയ നേട്ടങ്ങൾ നേടാനാകുമെന്ന വസ്തുതയിലേക്കും കൊവാക്സിന് ലഭിച്ച ലോകസമ്മതം വിരൽചൂണ്ടുന്നു. അതോടൊപ്പം കൊവിഡ് വാക്സിൻ വീടുകളിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഹർ ഘർ ദസ്തക് പദ്ധതിയും സ്വാഗതം ചെയ്യപ്പെടണം. കാരണം രോഗവ്യാപനം കുറയുന്നതായ തോന്നലുണ്ടായാൽ വാക്സിനേഷൻ എടുക്കുന്നതിൽ ആദ്യം പ്രകടിപ്പിച്ച താത്‌പര്യം പലരും പിന്നീട് പുലർത്തിയെന്ന് വരില്ല. ഇത് അപകടകരമാണ്. അതിനാലാണ് എല്ലാ വീട്ടുപടിക്കലും പോയി രേഖകൾ പരിശോധിച്ച് വാക്സിൻ നൽകാനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്ന് കരുതാം. വസൂരി പോലുള്ള മാരക രോഗങ്ങളെ നമ്മൾ മടക്കി അയച്ചത് വീടുവീടാന്തരം കയറി അച്ചുകുത്തിയിട്ടാണെന്നത് ഇത്തരുണത്തിൽ മറക്കാതിരിക്കാം.