കടക്കെണിയിൽ മുങ്ങി ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമന്മാർ

Sunday 07 November 2021 1:02 AM IST

ബീജിംഗ്: ചൈനയിലെ വൻകിട റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെയുടെ തകർച്ചയ്ക്ക് പിന്നാലെ രാജ്യത്തെ മറ്റാരു പ്രമുഖ കമ്പനിയും തകർച്ചയുടെ വക്കിൽ. ചൈനയുടെ സ്‌നോബോൾ പ്രോപ്പർട്ടി സ്ഥാപനമായ കൈസ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡാണ് കടക്കെണിയിൽപ്പെട്ടത്.

വ്യാഴാഴ്ച കൈസ ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിൽ 15ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ വെൽത്ത് മാനേജ്‌മെന്റ് ഉൽപ്പന്നങ്ങളുടെ പേയ്‌മെന്റുകൾ നഷ്ടമായതിനെത്തുടർന്ന് ലിക്വിഡിറ്റി പ്രശ്നങ്ങളും നേരിടേണ്ടി വന്നതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഷെൻഷെൻ ആസ്ഥാനമായുള്ള ഡെവലപ്പർമാരുടെ ഓഹരികളുടെ വ്യാപാരം വെള്ളിയാഴ്ച ഹോങ്കോങ്ങിൽ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ ഇത് സംബന്ധിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിപുലമായ ഫണ്ട് ശേഖരണത്തിലൂടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൈസ പരമാവധി ശ്രമിക്കുന്നുണ്ട്.

അതിനിടെ എവർഗ്രാൻഡെ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിലവിൽ ചൈനയിലെ ഏറ്റവും വലിയതും ഏറ്റവും കടബാദ്ധ്യതയുള്ളതുമായ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ പ്രധാനിയാണ് എവർഗ്രാൻഡെ. വിപണിയിൽ നഷ്ടമായ വിശ്വാസം വീണ്ടെടുക്കാനായികരാറെടുത്ത കുറച്ച് കെട്ടിടങ്ങൾ അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. അതേ സമയം അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗിലെ ഇടിവ് മൂലം ഓഹരി വിലയിലുണ്ടായ ഇടിവ് കാര്യങ്ങൾ കൂടുതൽ വഷളാക്കി.

ഷി ജിൻപിംഗ് സർക്കാർ കോർപ്പറേറ്റ് കടങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിന് ശേഷം ചൈന ആസ്ഥാനമായുള്ള പ്രോപ്പർട്ടി ഡെവലപ്പർമാർ കടക്കെണിയിൽ നിന്ന് കരകയറാൻ പെടാപ്പാടുപെടുകയാണെന്നാണ് റിപ്പോർട്ടുകൾ.

Advertisement
Advertisement