യു.എസിൽ സംഗീതനിശയ്ക്കിടെ തിക്കും തിരക്കും : 8 മരണം

Sunday 07 November 2021 1:12 AM IST

വാഷിംഗ്ടൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ സംഗീതനിശയ്ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും പെട്ട് എട്ടുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം ഒൻപതോടെയായിരുന്നു സംഭവം. ആസ്‌ട്രോവേൾഡ് സംഗീത പരിപാടിയുടെ ആദ്യദിനത്തിൽ വേദിക്കടുത്തേക്ക് ജനക്കൂട്ടം തള്ളിക്കയറിയതാണ് അപകടത്തിനിടയാക്കിയത്. പ്രശസ്ത അമേരിക്കൻ റാപ്പർ ട്രാവിസ് സ്‌കോട്ടായിരുന്നു വേദിയിലുണ്ടായിരുന്നത്. തിരക്കിൽ നിന്ന് രക്ഷപ്പെടുത്തി അഗ്നിരക്ഷാ വകുപ്പ് ആശുപത്രിയിലെത്തിച്ച 17 പേരിൽ 11 പേർക്കും ഹൃദയാഘാതം സംഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 75 മിനിറ്റ് നീണ്ട സ്റ്റേജ് ഷോയ്ക്കിടെ ആരാധകർ തിക്കിത്തിരക്കുന്നത് കണ്ട സ്‌കോട്ട് പലതവണ പരിപാടി നിർത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടുദിവസമായി നടക്കാനിരുന്ന പരിപാടിയിൽ പങ്കെടുക്കാനായി അൻപതിനായിരത്തോളം പേരാണ് എത്തിയിരുന്നത്. ദുരന്തത്തെ തുടർന്ന് രണ്ടാം ദിവസത്തെ പരിപാടി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അതേ സമയം അപകടകാരണത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പരിപാടിയുടെ സംഘാടകരായ ലൈവ് നേഷൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Advertisement
Advertisement