മെറ്റയാവാൻ ഫേസ്ബുക്കിന് കടമ്പകളേറെ

Sunday 07 November 2021 1:15 AM IST

വാഷിംഗ്ടൺ : ഫേസ്ബുക്ക് കമ്പനി തങ്ങളുടെ പുതിയ പേര് പ്രഖ്യാപിച്ചെങ്കിലും പേരുമാറ്റം വിചാരിച്ച പോലെ അത്ര എളുപ്പമാകില്ല. മെറ്റ എന്ന പേരിൽ നിലവിൽ മറ്റൊരു കമ്പനി പ്രവർത്തിക്കുന്നതാണ് കമ്പനി സി.ഇ.ഒ സക്കർബർഗ് നേരിടേണ്ടി വരുന്ന പുതിയ തലവേദന.

അരിസോണ ആസ്ഥാനമായുള്ള ടെക്‌നോളജി സ്ഥാപനമായ മെറ്റ പിസി, മെറ്റ എന്ന പേരിന് വേണ്ടി ആദ്യമായി ഒരു ട്രേഡ്മാർക്കിന് അപേക്ഷ ഫയൽ ചെയ്തിട്ടുണ്ട്. ഡെസ്‌ക്ടോപ്പുകൾ,ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടർ അനുബന്ധ ആക്സസറികൾ എന്നിവ വിൽക്കുന്ന കമ്പനിയാണ് മെറ്റ പിസി. ഒക്ടോബർ 28 നാണ് മെറ്റ എന്ന ട്രേഡ്മാർക്കിനു വേണ്ടി ഫേസ്ബുക്ക് അപേക്ഷ നല്കിയതെങ്കിൽ ഇതിന് മുൻപേ അരിസോണ ആസ്ഥാനമായുള്ള കമ്പനി മെറ്റ എന്ന പേരിന് വേണ്ടി അപേക്ഷ നൽകിയെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ.

മെറ്റ പിസികളുടെ സ്ഥാപകരായ ജോ ഡാർജറും സാക്ക് ഷട്ടും വ്യാപാര മുദ്രയ്ക്കുള്ള അപേക്ഷ പിൻവലിക്കാൻ തയ്യാറാണെങ്കിലും അതിനായി അവർ ആവശ്യപ്പെടുന്ന തുക നല്കേണ്ടി വരും. ഫേസ്ബുക്കിൽ നിന്ന് 20 മില്യൺ ഡോളറാണ് (എകദേശം 148.67 കോടി) ഇവർ ആവശ്യപ്പെടുന്നത്. ഈ തുക അവരുടെ സ്വന്തം കമ്പനിയുടെയും ഉൽപ്പന്നങ്ങളുടെയും റീബ്രാൻഡിംഗിനായി ചെലവഴിക്കും. മെറ്റയ്ക്ക് വേണ്ടി കോടികൾ ചിലവഴിക്കാനും ഫേസ്ബുക്ക് തയ്യാറാണെന്നാണ് വിവരം.

Advertisement
Advertisement