ആഭി'ചാര'ത്തിൽ ഹോമിക്കപ്പെടുന്നവർ

Sunday 07 November 2021 1:20 AM IST

ദുർമന്ത്രവാദത്തിനും ആഭിചാര ക്രിയകൾക്കും തീരെ പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. നാഴികയ്ക്ക് നാൽപ്പത് വട്ടം പുരോഗമനം പറയുമ്പോഴും ദുർമന്ത്രവാദത്തിന്റെ വഴി അടയുന്നില്ല. പ്രശ്നപരിഹാരത്തിനും ശത്രുദോഷം അകറ്റുന്നതിനും എന്നു വേണ്ട ഏതു കാര്യത്തിനും ഇവരുടെ കൈയിൽ പ്രതിവിധിയുണ്ട്. ചാത്തനും മാടനും ഏലസും ജപിച്ചൂതലും എല്ലാം ഒരു കുടക്കീഴിലുണ്ടെന്ന പരസ്യത്തിലൂടെ നിരവധി പേരെയാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്നത്. ദോഷങ്ങൾ ഒഴിപ്പിക്കാനുള്ള പരിഹാരമെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങളും നിരവധി.

കൂടോത്രം ചെയ്തവനെ ശിക്ഷിക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വകുപ്പില്ലെന്നു ജഗതി ഒരു കഥാപാത്രം സിനിമയിൽ പറയുന്നുണ്ടെന്നത് പഴയ കഥ. അത്തരക്കാരെ പിടിക്കാനും ശിക്ഷിക്കാനും വകുപ്പുണ്ടെന്നു തന്നെയാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന സംഭവം ചൂണ്ടിക്കാട്ടുന്നത്.

കലശലായ പനി പിടിച്ച് അവശനിലയിലായ ഫാത്തിമ എന്ന പിഞ്ചുബാലികയെ ആശുപത്രിയിലെത്തിക്കാതെ ജപിച്ചൂതലുകൾ നടത്തിയതിന് കുട്ടിയുടെ പിതാവും പള്ളിയിലെ ഇമാമും പിടിയിലായതോടെയാണ് ആഭിചാര ക്രിയയുടെ പേരിൽ നാട്ടിൽ നടക്കുന്ന അനാചാരങ്ങൾ പുറംലോകം അറിയുന്നത്. മരിച്ച നിലയിലാണ് ഒടുവിൽ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ബന്ധുക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചതോടെയാണ് ദുർമന്ത്രവാദത്തിന്റെ കഥ പുറത്തെത്തുന്നത്. കണ്ണൂർ സിറ്റിയിലും പരിസരത്തും ഇങ്ങനെ മന്ത്രവാദത്തിൽ ജീവൻ ഹോമിച്ചവർ നിരവധിയാണെന്നും പിന്നീട് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാൽ പോസ്റ്റുമോർട്ടത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു കണ്ടെത്തൽ. പനിബാധിച്ച കുട്ടിക്ക് ചികിത്സ നൽകാതെ മന്ത്രം ജപിച്ചൂതിയ വെള്ളം കുടിച്ച് മതഗ്രന്ഥം വായിച്ചിരിക്കാൻ ഇമാം നിർബന്ധിച്ചതായി പൊലീസ് പറഞ്ഞു.

ഇതോടെ പിടിയിലായ പള്ളി ഇമാമിന്റെ നേതൃത്വത്തിലടക്കം നടന്ന ചികിത്സാരീതികളടക്കം അന്വേഷണത്തിന്റെ പരിധിയിലായി. കേസിൽ അറസ്റ്റിലായ കണ്ണൂർ സിറ്റി കുഞ്ഞിപ്പള്ളി ഇമാം മുഹമ്മദ് ഉവൈസിനെതിരെ മന:പ്പൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്.

പിതാവ് അബ്ദുൽ സത്താറിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടുമാണ് ചുമത്തിയിരിക്കുന്നത്. പനി ബാധിച്ച് മരണപ്പെട്ട വിദ്യാർത്ഥിനി ഫാത്തിമയ്‌ക്ക് താൻ ജപിച്ചൂതിയ വെള്ളം നൽകിയതായും തന്റെ നിർദേശ പ്രകാരമാണ് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ കാണിക്കാതിരുന്നതെന്നും ഇയാൾ പൊലീസിന് മൊഴി നൽകുകയായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കണ്ണൂർ സിറ്റി മേഖലയിൽ ഇത്തരം മന്ത്രവാദ ചികിത്സാരീതികൾ മുമ്പ് വ്യാപകമായിരുന്നുവെന്ന പരാതി ലഭിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ അറിയിച്ചു. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ സമാന രീതിയിൽ നടന്ന അഞ്ച് പേരുടെ മരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വെള്ളം ജപിച്ചൂതലും ഏലസ് കെട്ടിയുള്ള ചികിത്സാ രീതിയുമാണ് ഇമാം മുഹമ്മദ് ഉവൈസ് പിന്തുടർന്നിരുന്നത്. ഇയാളുടെ അരികിലെത്തുന്നവരോട് ഒരു രോഗത്തിനും ആശുപത്രിയിൽ പോകരുതെന്നും മരുന്ന് കഴിക്കരുതെന്നുമാണ് നിർദ്ദേശിക്കാറുള്ളത്.
കൂടാതെ കൊവിഡ് വാക്സിൻ എടുക്കരുതെന്നും അലോപ്പതി, ആയുർവേദ അടക്കമുള്ള ആധുനിക ചികിത്സ രീതി വിശ്വാസത്തിന് എതിരാണെന്നും ഇയാൾ നാട്ടിൽ പ്രചരിപ്പിച്ചതായി പൊലീസ് അറിയിച്ചു.

മരിച്ച പെൺകുട്ടിയുടെ ബന്ധുക്കളായ കണ്ണൂർ സിറ്റി ആസാദ് റോഡിലെ പടിക്കൽ നബീസു അവരുടെ മകൻ, സഹോദരി എന്നിവരുടെ സമാന രീതിയിലുള്ളവരുടെ മരണകാരണത്തെക്കുറിച്ചും കണ്ണൂർ സിറ്റിയിലെ മറ്റ് രണ്ട് പേരുടെയും മരണത്തെ സംബന്ധിച്ചാണ് ഇപ്പോൾ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഇതിൽ നബീസുവിന്റെ മറ്റൊരു മകനായ സിറാജിന്റെ മൊഴിയിലൂടെയാണ് പിടയിലായ ഇമാമിനെപ്പറ്റി കൂടുതൽ സൂചന ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്.

രോഗം വന്നാൽ ആശുപത്രിയിൽ പോകാതെ രോഗം മാറ്റാമെന്നു വിശ്വസിപ്പിച്ചുള്ള ചികിത്സയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. ഡോക്ടർമാർ ജിന്നുകളാണെന്നും ആശുപത്രിയിൽ പോയാൽ ഉടലോടെ നരകത്തിൽ പോകുമെന്നുമാണ് ഇവരുടെ വിശ്വാസം. പിടിയിലായ പള്ളി ഇമാമും ഭാര്യാമാതാവും ചേർന്നാണു ചികിത്സ നടത്തിയിരുന്നത്. ബന്ധുക്കൾക്കിടയിലായിരുന്നു ആദ്യം ചികിത്സ . ചെറിയ അസുഖങ്ങളുമായി വന്നവർ സുഖം പ്രാപിക്കാൻ തുടങ്ങിയപ്പോൾ പിന്നീട് വൻതുക വാങ്ങി ചികിത്സ മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ഉറ്റവർ മരിക്കുമ്പോൾ മാത്രമാണ് ഇത് വ്യാജ ചികിത്സയാണെന്ന് പലർക്കും മനസിലായത്. ഇമാമിനെതിരേ മരിച്ച കുട്ടിയുടെ അയൽവാസികളും പൊലീസിന് മൊഴി നൽകിയിരുന്നു.

പൊള്ളത്തരം പുറത്ത് കൊണ്ടുവരണം

മന്ത്രവാദ ചികിത്സയിൽ കണ്ണൂർ സിറ്റിയിൽ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാനും നീക്കം നടക്കുന്നുണ്ട്. പിടിയിലായ പള്ളി ഇമാമിന്റെ നേതൃത്വത്തിലൽ നടന്ന ചികിത്സാരീതികളടക്കം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇത്തരം കേന്ദ്രങ്ങളുടെ പൊള്ളത്തരം പുറത്ത് കൊണ്ടുവരണമെന്നാണ് ജനത്തിന്റെ ആവശ്യം.

Advertisement
Advertisement