മരക്കാർ ഒടിടിക്കൊപ്പം തിയേറ്റർ റിലീസിന് നീക്കം
ആശിർവാസ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിൽ ഒ ടി ടി റിലീസിനൊപ്പം തിയറ്ററുകളിലും റിലീസ് ചെയ്യാൻ നീക്കം.
ആമസോൺ പ്രിമിയർ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഫാൻസ് ഷോ,തിയറ്റർ റിലീസ് എന്നിവ നടത്താനാണ് ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും ശ്രമിക്കുന്നത്. 150 ദിവസം കഴിഞ്ഞാൽ തിയറ്റർ റിലീസ് ചെയ്യാനുള്ള അനുമതി ഒടിടി കരാറിൽ നേരത്തെ ആക്കാനും നീക്കം നടക്കുന്നതായി സിനിമാ വൃത്തങ്ങൾ അറിയിക്കുന്നു.
തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് മരക്കാർ സിനിമയുമായും ആന്റണി പെരുമ്പാവൂരുമായും ഇനി സഹകരിക്കില്ല എന്ന നിലപാടിലാണ്. എന്നാൽ ആശിർവാദ് സിനിമാസിന്റെ 25 ഓളം സ്കീനുകളിലും ദിലീപ്, സോഹൻ റോയ് എന്നിവരുടെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലും മരക്കാർ ഒടിടിക്ക് പിന്നാലെ റിലീസ് ചെയ്യാൻ ആണ് നീക്കം. ലിബർട്ടി ബഷീർ നേതൃത്വം നൽകുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ
സിനിമ പ്രദർശിപ്പിക്കാൻ താല്പര്യം അറിയിച്ചിട്ടുണ്ട്. മോഹൻലാലിനെ കൂടാതെ അർജുൻ, സുനിൽ ഷെട്ടി, കിച്ചാ സുധീപ്, പ്രഭു, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, ബാബുരാജ് , സന്തോഷ് കീഴാറ്റൂർ, നന്ദു, മഞ്ജുവാര്യർ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ് , കല്യാണി പ്രിയദർശൻ, സുഹാസിനി തുടങ്ങിയ ഒരു വൻതാരനിരതന്നെ അണിനിരക്കുന്ന മരയ്ക്കാറിന്റെ മുടക്കുമുതൽ നൂറുകോടി രൂപയാണ്.