സ്കൂളുകളിൽ ജല ഗുണനിലവാര പരിശോധന ലാബ്: വാഗ്ദാനം 26, നടന്ന് 0!

Tuesday 09 November 2021 12:00 AM IST

കോട്ടയം: ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ജലമലിനീകരണം കുറയ്ക്കാനുമായി ഹരിത കേരളം മിഷൻ സ്കൂളുകളിൽ ആവിഷ്കരിച്ച ജല ഗുണനിലവാര ലാബ് പദ്ധതി എങ്ങുമെത്തിയില്ല. ഒരുവർഷം മുന്നേ ജില്ലയിൽ 26 ലാബുകൾ തുടങ്ങാനാണ് അനുവാദം ലഭിച്ചത്. എന്നാൽ എല്ലായിടത്തും എസ്റ്റിമേറ്റെടുക്കൽ പോലും ന‌ടന്നിട്ടില്ല.

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും തിരഞ്ഞെടുത്ത ഹയർസെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബുകളോട് അനുബന്ധിച്ച് ജല ഗുണനിലവാര പരിശോധന ലാബുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. ശാസ്ത്ര അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇതിനായി പ്രത്യേക പരിശീലനം നൽകാനും തീരുമാനമായിരുന്നു.

 ഉഴപ്പിയത് ഇവിടെ

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനായിരുന്നു എസ്റ്റിമേറ്റ് നടപടികളുടെ ചുമതല. ഇതുവരെ ആകെ ആറെണ്ണത്തിന് മാത്രമേ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളൂ. ഏറ്റുമാനൂർ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് എസ്റ്റിമേറ്റ് പൂർത്തിയായത്. ഇതിൽ കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ മണ്ഡലങ്ങളിലായി മൂന്ന് ലാബുകൾക്ക് 1.15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

പദ്ധതി ലക്ഷ്യം

 ജലസ്രോതസ്സുകളിലെ ജലം പരിശോധിക്കുക

 ഇതുവഴി ജലജന്യരോഗങ്ങൾ നിയന്ത്രിക്കുക
 കുറഞ്ഞ ചെലവിൽ പരിശോധന നടത്തുക

 കുട്ടികളിലെ നിരീക്ഷണ പാടവം ഉയർത്തുക

ലാബിന്റെ മെച്ചം

നിലവിൽ വാട്ടർ അതോറ്റിയുടെ ഒരു ലാബുമാത്രമാണുള്ളത്. ഇവിടങ്ങളിൽ സാധാരണക്കാർ പരിശോധനയ്ക്ക് നൽകാറില്ല. ബാക്കിയെല്ലാം സ്വകാര്യ ലാബുകളാണ്. ഫീസ് നൽകി വെള്ളം പരിശോധിക്കാൻ ആരും മെനക്കെടാറുമില്ല. സ്കൂളുകളിൽ ലാബു വരുന്നതോടെ സാധാരണക്കാർ പരിശോധനയ്ക്ക് തയ്യാറാകും.

ഫലമറിയാൻ 18-24 മണിക്കൂർ

 എസ്റ്റിമേറ്റ് എടുത്തത് 6 ലാബിന്

 ആകെ ചെലവ് 1.15 ലക്ഷം രൂപ

'' എസ്റ്റിമേറ്റ് എടുക്കേണ്ട കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചതാണ് തടസമായത്. ഈ വർഷം തന്നെ പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്''

- പി.രമേശ് , ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ.

Advertisement
Advertisement