അനുബന്ധപരിപാടികൾക്ക് ഇന്ന് തുടക്കം

Tuesday 09 November 2021 12:06 AM IST

പഴയങ്ങാടി: ഡിസംബർ 10 മുതൽ12വരെ എരിപുരത്ത് നടക്കുന്ന സി.പി.എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി വിപുലമായ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചന്തപ്പുരയിൽ ഇന്ന് വൈകിട്ട് 4 ന് കർഷക സമ്മേളനത്തോടെയാണ് തുടക്കം.

കിസാൻസഭ അഖിലേന്ത്യ സെക്രട്ടറി ഹനൻമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 500 കേന്ദ്രങ്ങളിൽ ഓൺലൈനായി ഈ പരിപാടി സംപ്രേഷണം ചെയ്യും. ഫണ്ട് ഏറ്റുവാങ്ങൽ 11ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. 230 ബ്രാഞ്ചുകളിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് കുടുംബ സംഗമത്തിന്റെ ഏരിയാതല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ 11 ന് 5.30ന് ഏഴോം സി.ആർ.സി ഗ്രൗണ്ടിൽ നിർവ്വഹിക്കും. 14ന് കുട്ടികളുടെ സംഗമവും ശാസ്ത്രക്ലാസ്സും കൊട്ടിലയിൽ രാവിലെ 10 ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇതേ ദിവസം കർഷക തൊഴിലാളി സംഗമം ഏഴോത്ത് സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി 100 സാംസ്കാരിക സദസുകൾ നടത്തും. ഏരിയാതല ഉദ്ഘാടനം രാമപുരത്ത് 18ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 23 ന് മഹിളാസംഗമം മണ്ടൂരിൽ സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. 26ന് യുവജന സംഗമം ആണ്ടാംകൊവ്വലിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി എ.എ. റഹീം ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിന്റെ ഭാഗമായി പ്രതിഭാ സംഗമം, പ്രൊഫഷണൽ മീറ്റ്, നാടകോത്സവം, കലാ സാഹിത്യ മത്സരങ്ങൾ, ചിത്രകാര സംഗമം, പുസ്തകോത്സവം, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ട്രേഡ് യൂണിയൻ സമ്മേളനം എന്നിവയും സംഘടിപ്പിക്കും.

വാർത്താ സമ്മേളനത്തിൽ കേന്ദ്രക്കമ്മിറ്റി അംഗം പി.കെ. ശ്രീമതി, സംഘാടക സമിതി ചെയർമാൻ ടി.വി. രാജേഷ്, വൈസ് ചെയർമാന്മാരായ ഒ.വി. നാരായണൻ, പി.പി. ദാമോദരൻ, ജനറൽ കൺവീനർ കെ. പദ്മനാഭൻ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement