മണ്ണൂരിൽ അപകട റോഡ് പുതുക്കിപണിയും

Tuesday 09 November 2021 12:14 AM IST
മണ്ണൂർ റോഡ്

തിരുവനന്തപുരം: മട്ടന്നൂർ- ഇരിക്കൂർ റോഡിൽ മണ്ണൂരിൽ റോഡിന്റെ പുഴ ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലായ ഭാഗത്ത് നിലവിലുള്ള കരാറുകാരനെക്കൊണ്ടു നിലവിലുള്ള വീതിയിൽ ടാറിംഗ് നടത്താൻ തീരുമാനിച്ചതായി നിയമസഭയിൽ കെ.കെ. ശൈലജയുടെ സബ്മിഷനു മന്ത്റി പി.എ. മുഹമ്മദ് റിയാസ് മറുപടി നൽകി.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 24.07 കോടി രൂപ ചെലവഴിച്ച് മട്ടന്നൂർ ഇരിക്കൂർ റോഡ് നവീകരിക്കുന്നത്.

2019 ലെ വെള്ളപ്പൊക്കത്തിൽ മണ്ണൂരിൽ റോഡിന്റെ പുഴ ഭാഗം ഇടിയുകയായിരുന്നു. ഇടിഞ്ഞ ഭാഗത്ത് ഗാബിയോൺ ഉപയോഗിച്ചു സംരക്ഷണ ഭിത്തി കൂടി നിർമിക്കുന്ന തരത്തിൽ എസ്​റ്റിമേ​റ്റ് പുതുക്കി കിഫ്ബിക്ക് കൈമാറിയിട്ടുണ്ട്. റോഡിന്റെ തകർന്ന മേഖല പ്രത്യേക പാക്കേജായി ചെയ്യാനാണ് തീരുമാനിച്ചത്. വിശദമായ ഡിസൈൻ തയാറാക്കാൻ പാലക്കാട് ഐ.ഐ.ടിയെ ചുമതലപ്പെടുത്തി. റിപ്പോർട്ട് ലഭിച്ചാലുടൻ സംരക്ഷണ ഭിത്തി നിർമ്മിച്ച് റോഡ് സംരക്ഷിക്കാനുള്ള ജോലി നടത്താനാണ് ധാരണ. കിഫ്ബിയുമായി നടത്തിയ യോഗത്തിൽ ഈ റോഡിന്റെ കാര്യം ചർച്ച ചെയ്തിരുന്നു. ഈ ജോലി നടത്തും വരെയാണു നിലവിലുള്ള വീതിയിൽ ടാറിംഗ് നടത്തുന്നതെന്നും മന്ത്റി അറിയിച്ചു.