നവാബ് മാലിക്ക് സത്യവാങ്മൂലം നൽകണമെന്ന് കോടതി

Tuesday 09 November 2021 12:43 PM IST

മുംബയ്: നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെയുടെ പിതാവ് ധ്യാൻദേവ് വാങ്ക്ഡെ നൽകിയ മാനനഷ്ടക്കേസിൽ മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലികിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ മുംബയ് കോടതി നിർദ്ദേശിച്ചു. ചൊവ്വാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. കേസ് ബുധനാഴ്ച പരിഗണിക്കും.

നവാബ് മാലിക് ഇന്നലെ രാവിലെയും പരാതിക്കാരനെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ടെന്ന് ധ്യാൻദേവ് വാങ്ക്ഡെയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

നവാബ് മാലിക്കിന് ട്വിറ്ററിൽ മറുപടി നൽകാമെങ്കിൽ കോടതിയിലും മറുപടി നൽകാമെന്ന് ജസ്റ്റിസ് മാധവ് ജംദാർ നിർദ്ദേശിച്ചു. അതേസമയം, ധ്യാൻദേവിനെതിരായ നവാബ് മാലിക്കിന്റെ അഭിപ്രായ പ്രകടനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.

തന്നെയും കുടുംബത്തെയും മൂഹമാദ്ധ്യമങ്ങളിലൂടെയും വാർത്തസമ്മേളനങ്ങളിലൂടെയും അപമാനിച്ചെന്ന് കാട്ടി 1.25 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ധ്യാൻദേവ് വാങ്ക്ഡെ ആവശ്യപ്പെട്ടത്.
ആര്യൻ ഖാൻ അറസ്റ്റിലായ മയക്കുമരുന്ന് കേസിന് പിന്നാലെയാണ് നവാബ് മാലിക്കും സമീർ വാങ്ക്ഡെയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായത്.

Advertisement
Advertisement