ദക്ഷിണാഫ്രിക്കയിൽ ആദിമ മനുഷ്യക്കുഞ്ഞിന്റെ തലയോട്ടി കണ്ടെത്തി

Tuesday 09 November 2021 2:32 AM IST

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ബാത്തുംഗ് പ്രവിശ്യയിലെ റൈസിംഗ് സ്റ്റാർ ഗുഹയിൽ നിന്ന് രണ്ടര ലക്ഷം വർഷം പഴക്കമുള്ള ആദിമ മനുഷ്യക്കുഞ്ഞിന്റെ തലയോട്ടി കണ്ടെത്തി. 150 അടിയോളം താഴ്ചയിലാണ് തലയോട്ടി കണ്ടെത്തിയത്.

ലേറ്റി എന്നാണ് ഇതിന് ശാസ്ത്രജ്ഞർ നൽകിയ പേര്. ദക്ഷിണാഫ്രിക്കൻ ഭാഷയായ സെറ്റ്സ്വാനയിൽ നഷ്ടപ്പെട്ടത് എന്നാണ് ഈ വാക്കിന്റെ അർത്ഥം.

മരിച്ചപ്പോൾ നാലോ ആറോ വയസ് പ്രായമുണ്ടായിരുന്ന കുട്ടി ആദിമ നരവംശ വിഭാഗമായ ഹോമോ നാലെടിയിൽപ്പെട്ടതാണെന്നു ശാസ്ത്രജ്ഞർ പറയുന്നു.

അമേരിക്കൻ സർവകലാശാലയിൽ നിന്നുള്ള ബെക്ക പെയ്ക്സോട്ടോ എന്ന പുരാവസ്തു ഗവേഷകയും സംഘവുമാണ് തലയോട്ടി കണ്ടെത്തിയത്.

മനുഷ്യരാശിയുടെ കളിത്തൊട്ടിൽ

2013ലാണ് ഗുഹയിൽ നിന്ന് ആദ്യമായി ഹോമോ നാലെടി നരവംശത്തിൽ പെട്ടവരുടെ ശേഷിപ്പ് കണ്ടെത്തിയത്. പിന്നീട് ഇവിടെ നിന്നുകണ്ടെത്തിയിട്ടുള്ള ‘ഹോമോ നാലെടി’ വിഭാഗത്തിൽപെട്ട 25ാമത്തെ അവശേഷിപ്പാണ് ലേറ്റിയുടേത്. ഹോമോ നാലെടി നരവംശം തങ്ങളുടെ അവസാന കാലങ്ങളിൽ പുരോഗമന മനുഷ്യർക്കൊപ്പം ജീവിച്ചിരിക്കാമെന്ന സംശയവും ശാസ്ത്രജ്ഞർക്കുണ്ട്. റൈസിംഗ് സ്റ്റാറിന് ഉള്ളിലേക്ക് കയറിപ്പറ്റാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിനുള്ളിൽ 25 ഹോമോ നാലെടി വംശജരുടെ മൃതദേഹങ്ങൾ എങ്ങനെയെത്തിയെന്ന ചോദ്യം ശാസ്ത്രജ്ഞരെ അലട്ടുന്നുണ്ട്. ഒരുപക്ഷേ ഈ വിഭാഗത്തിൽപ്പെട്ടവർ മരിക്കുമ്പോൾ അടക്കിയിരുന്ന ഗുഹയാകാം ഇതെന്നും വാദമുണ്ട്. ഈ ഗുഹയെ മനുഷ്യരാശിയുടെ കളിത്തൊട്ടിലെന്നാണു യുനെസ്കോ വിശേഷിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരമായ ജൊഹാന്നാസ്ബർഗിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ഗുഹയുള്ളത്.

 ഹോമോ നാലെടി

 ആധുനിക മനുഷ്യവർഗ്ഗമായ ഹോമോ സാപ്പിയൻസിന്റെ പൂർവിക പരമ്പരയിലെ ബുദ്ധിമാൻമാരായ അംഗങ്ങൾ.

 4 അടി 9 ഇഞ്ച് ഉയരവും 40 മുതൽ 56 കിലോ വരെ ഭാരവുമുണ്ടായിരുന്നു.

 ഓറഞ്ചിന്റെ അത്രമാത്രം വലുപ്പമുള്ള ഇവരുടെ തലച്ചോർ

 കായ്കളും വേരുകളും പ്രധാന ഭക്ഷണം