സി.ആർ.പി.എഫ് ജവാന്റെ വെടിയേറ്റ് 4 സഹപ്രവർത്തകർ കൊല്ലപ്പെട്ടു

Tuesday 09 November 2021 12:47 AM IST

റായ്‌പൂർ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ സി.ആർ.പി.എഫ് ജവാൻ നാല് സഹപ്രവർത്തകരെ എ.കെ 47 ഉപയോഗിച്ച് വെടിവച്ചു കൊന്നു. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ പുലർച്ചെ 3.45 ഓടെയാണ് സംഭവം. മറൈഗുഡ സ്റ്റേഷൻ പരിധിയിൽ സി/50 ലിംഗലാപള്ളി ക്യാമ്പിലെ റീതേഷ് രഞ്ജനാണ് വെടിവച്ചത്. രഞ്ജനെ പൊലീസ് പിടികൂടി. ക്രൂരകൃത്യത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ മാനസിക നില ശരിയാണോ എന്നും പരിശോധിക്കും. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സി.ആർ.പി.എഫ് ഉത്തരവിട്ടിട്ടുണ്ട്.

പുലർച്ചെ ഡ്യൂട്ടിക്ക് പോകാനായി ഉറക്കമുണർന്ന രഞ്ജൻ സർവീസ് റൈഫിളെടുത്ത് ബാരക്കിൽ ഉറങ്ങിക്കിടന്ന സഹ സൈനികർക്ക് നേരെ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. ഏഴു പേരിൽ രണ്ടുപേർ സംഭവസ്ഥലത്ത് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ ഉടൻ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ മൂന്ന് ജവാൻമാരെ വിദഗ്ദ്ധചികിത്സയ്ക്കായി വിമാനമാർഗം റായ്‌പൂരിലേക്ക് മാറ്റി.

ധൻജി,​ രജിബ് മൊണ്ടാൽ,​ രാജ്മണികുമാർ യാദവ്,​ ധർമ്മേന്ദ്ര കെ.ആർ. സിംഗ് എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേർ ബീഹാർ സ്വദേശികളും ഒരാൾ പശ്ചിമബംഗാൾ സ്വദേശിയുമാണ്. ധനഞ്ജയ്‌കുമാർ,​ ധർമാത്മ‌കുമാർ,​ മലയരഞ്ജൻ മഹാറാണ എന്നിവർക്കാണ് പരിക്കേറ്റത്.

കുറച്ച് ദിവസം മുമ്പ് രഞ്ജൻ സഹപ്രവർത്തകരിലൊരാളുമായി വഴക്കിട്ടിരുന്നെന്നും എന്നാൽ അത് പരിഹരിച്ചെന്നുമാണ് വിവരം. നവം. 13 മുതൽ അവധിയിൽ പോകണമെന്ന രഞ്ജന്റെ അപേക്ഷയ്ക്ക് അനുമതി ലഭിച്ചിരുന്നു.

"രഞ്ജന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. വെടിവയ്ക്കും മുമ്പ് അയാൾ ആരെയെങ്കിലും ഫോണിൽ ബന്ധപ്പെട്ടിരുന്നോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്

സി.ആർ.പി.എഫ് വക്താവ്