മത്സ്യത്തൊഴിലാളികൾക്ക് നേരേ വെടിവയ്പ് :പാക് പ്രതിനിധിയെ വിളിച്ച് വരുത്തി ഇന്ത്യ

Tuesday 09 November 2021 12:16 AM IST

 പത്ത് പാക് സൈനികർക്കെതിരെ കേസ്

ന്യൂഡൽഹി : ഗുജറാത്തിലെ ദ്വാരക തീരത്തിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തിയിൽ പാക് നാവികസേനയുടെ വെടിവയ്പിൽ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. പാക് ഹൈകമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്.

സംഭവത്തിൽ പാകിസ്ഥാൻ അന്വേഷണം നടത്തി കുറ്റക്കാർക്ക് തക്കതായ ശിക്ഷ നൽകണമെന്നും പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സംഭവം ഗൗരവമായി കാണുന്നുണ്ടെന്നും, അന്വേഷണം നടത്തി

കൂടുതൽ വിവരങ്ങൾ യഥാസമയം അറിയിക്കുമെന്നും പാക് വൃത്തങ്ങൾ വെളിപ്പെടുത്തി.

പാക് വെടിവയ്പിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതിന് പിന്നാലെ, പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയിലെ (പി.എം.എസ്.എ.) 10 ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകത്തിനും ,കൊലപാതക ശ്രമത്തിനും പോർബന്തർ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ട് രണ്ട് ബോട്ടുകളിലെത്തിയ പത്ത് പാക് മാരിടൈം സെക്യൂരിറ്റി ഏജൻസി ഉദ്യോഗസ്ഥർ ഇന്ത്യൻ മത്സ്യബന്ധന ബോട്ടായ 'ജൽപരി'ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ ശ്രീധർ രമേഷ് ചാംറേ( 32) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ജമ്നാനഗറിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. പരിക്കേറ്റ മത്സ്യത്തൊഴിലാളി ദിലീപ് നടു സോളങ്കിയുടെ (34) പരാതിയിലാണ് കേസ്.

അതേസമയം, മറ്റൊരു ഇന്ത്യൻ മത്സ്യ ബന്ധന ബോട്ടിൽ നിന്ന് ആറു പേരെ പാക് നാവിക സേന പിടി കൂടിയതായി പോർബന്തറിലെ മത്സ്യത്തൊഴിലാളി നേതാവ് മനീഷ് ലോഡ്ഹരി ആരോപിച്ചു. ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു.

Advertisement
Advertisement