ബഹിരാകാശ നിലയത്തിൽ ശൗചാലയം നിർമ്മിക്കൂ നാസേ,​ ശുചിമുറിയിൽ ചോർച്ച: ബഹിരാകാശ സഞ്ചാരികൾ മടങ്ങുന്നു

Tuesday 09 November 2021 2:01 AM IST

വാഷിംഗ്ടൺ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 200 ദിവസത്തിലധികം തികച്ച നാല് സഞ്ചാരികൾ ശുചിമുറി വെല്ലുവിളിയായതോടെ ഭൂമിയിലേക്ക് മടങ്ങുന്നു. നാസയുടെ മക്ആർതർ, ഷെയ്ൻ കിംബ്രോ, ജപ്പാന്റെ അകിഹികോ ഹോഷിഡെ, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ തോമസ് പെസ്‌ക്വറ്റ് എന്നിവർക്കാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ക്യാപ്‌സ്യൂളിലെ ശുചിമുറിയിലെ ചോർച്ച വില്ലനായിരിക്കുന്നത്. ഇതോടെ ഇവരോട് അഡൽറ്റ് ഡയപ്പർ ഉപയോഗിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് നാസ. ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിനിടെ പ്രകൃതിയുടെ വിളി വന്നാൽ സഞ്ചാരികൾ അഡൽറ്റ് ഡയപ്പറിനെ ആശ്രയിക്കേണ്ടി വരും. ഇന്നലെ രാത്രി അമേരിക്കൻ സമയം പത്തരയോടെ ഭൂമിയിലേക്ക് തിരിച്ച സംഘം ഇന്ന് ഇന്ത്യൻ സമയം രാവിലെ ഒൻപതോടെ ഭൂമിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

 വെല്ലുവിളികളേറെയുണ്ട്

മോശം കാലാവസ്ഥയും സംഘാംഗങ്ങളിൽ ഒരാളുടെ ആരോഗ്യ സ്ഥിതിയുമെല്ലാം വെല്ലുവിളി ഉയർത്തുന്നുണ്ട്.

240 കിലോഗ്രാം ഭാരം വരുന്ന വസ്തുക്കളും ഇവർ ഭൂമിയിലേക്ക് കൊണ്ടുവരുന്നുണ്ട്. വിവിധ പരീക്ഷണങ്ങളുടെ ഫലങ്ങളും ബഹിരാകാശ നിലയത്തിലെ ചില ഉപകരണങ്ങളുമെല്ലാം ഇക്കൂട്ടത്തിൽപ്പെടും. ബഹിരാകാശത്ത് വിളയിച്ച മുളകിന്റെ പൊടിയും ഭൂമിയിലേക്ക് കൊണ്ടുവരുന്നുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിൽ മുളകിന്റെവിളവെടുപ്പ് നടന്നത്.

ബഹിരാകാശ യാത്രകൾ എല്ലാക്കാലത്തും വെല്ലുവിളികൾനിറഞ്ഞതായിരുന്നു. അതിലൊന്നായി മാത്രമേ ഈ ശുചിമുറി പ്രശ്‌നത്തെ കാണുന്നുള്ളൂ

മേഗൻ മക്ആർതർ

ബഹിരാകാരാശ സഞ്ചാരി

Advertisement
Advertisement