ഛിന്നഗ്രഹങ്ങളെ 'വഴിതെറ്റിക്കാൻ' പ്രതിരോധ സംവിധാനവുമായി നാസ

Tuesday 09 November 2021 2:03 AM IST

വാഷിംഗ്ടൺ: ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനായി നാസ വികസിപ്പിച്ച പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം ഈ മാസം നടക്കും. 23 ന് നടക്കാനിരിക്കുന്ന പരീക്ഷണത്തിന് ഡബിൾ ആസ്‌ട്രോയിഡ് റീഡയറക്ടഷൻ ടെസ്റ്റ് (ഡാർട്ട്) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പ്രതിരോധ സംവിധാനം ഛിന്നഗ്രഹത്തിൽ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുമെന്നാണ് റിപ്പോർ‌ട്ടുകൾ.

സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിലണ് പേടകം വിക്ഷേപിക്കുക.

ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ വലം വയ്ക്കുന്ന മൂൺലെറ്റ് ഛിന്നഗ്രഹമായ ഡൈമോർഫസിലാണ് പേടകം ഇടിച്ചിറക്കുക. ഇവ ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നവയല്ല. പേടകത്തിന്റെ സഞ്ചാരവും അത് ഛിന്നഗ്രഹത്തിൽ ഇടിച്ചിറക്കുന്നതുമെല്ലാം ദൂരദർശിനികളുടെ സഹായത്തോടെ ഭൂമിയിൽ നിന്ന് നാസ നിരീക്ഷിക്കും. പരീക്ഷണത്തിന്റെ വിവരങ്ങളും ശേഖരിയ്ക്കും.

525 അടി വ്യാസമാണ് ഡൈമോർഫസിനുള്ളത്. ഇതിനെ തകർക്കാൻ പേടകത്തിന് സാധിക്കില്ലെങ്കിലും സഞ്ചാര പഥത്തിൽ മാറ്റം വരുത്താനാകും. എന്നാൽ, പേടകം ഇടിച്ചിറക്കുമ്പോൾ സഞ്ചാര പഥത്തിന് എത്രത്തോളം മാറ്റമുണ്ടാവുമെന്ന് വ്യക്തമല്ല. ഛിന്നഗ്രഹത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുമിത്.

Advertisement
Advertisement