നഷ്ടത്തിലോടി നടുവൊടിഞ്ഞു

Tuesday 09 November 2021 1:17 AM IST

# സ്വകാര്യബസ് മേഖല കടക്കെണിയിൽ

ആലപ്പുഴ: നൂലു പൊട്ടിയ പട്ടം പോലെ ഇന്ധനവില കുതിച്ചുയർന്നതോടെ സ്വകാര്യബസ് മേഖല നഷ്ടത്തിലേക്ക് കൂപ്പുകുത്തി. കൊവിഡ് പ്രതിസന്ധിക്കൊപ്പം പ്രതിദിന വരുമാനവും ഇടിഞ്ഞതാണ് ബസ് ഉടമകളെ കടക്കെണിയിലേയ്ക്ക് തള്ളിയിട്ടത്. സർക്കാർ സഹായമില്ലാതെ സർവീസ് തുടരാൻ കഴിയില്ലെന്ന സ്ഥിതിയാണുള്ളത്.

ജില്ലയിൽ 400 സ്വകാര്യബസ് പെർമിറ്റുകളാണുള്ളത്. ഇതിൽ 60 ശതമാനം ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.

ഇന്ധനവില കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 50 രൂപയിലധികമാണ് വർദ്ധിച്ചത്. യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ഡീസലിന് 62.86 രൂപ വിലയുണ്ടായിരുന്ന 2018ൽ നിശ്ചയിച്ച മിനിമം ചാർജായ എട്ട് രൂപയാണ് ഇപ്പോഴും തുടരുന്നത്. പ്രതിദിന കളക്ഷനിൽ ഓരോ ബസിനും 2,500ൽ അധികം രൂപയാണ് കുറഞ്ഞത്.

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് സർവീസ് കുറച്ചപ്പോൾ സ്വകാര്യബസുകാർ വരുമാനം വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഓർഡിനറി സമയം കൂടി ക്രമീകരിച്ച് ഫാസ്റ്റ് പാസഞ്ചറുകൾ രംഗത്തിറങ്ങിയത് വിനയായി. ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, കായംകുളം, ചേർത്തല സ്വകാര്യ ബസ് സ്റ്റേഷനുകളിൽ എത്തുന്ന ബസുകളുടെ എണ്ണവും കുറഞ്ഞു.

അറ്റകുറ്റപ്പണിക്കും ചെലവേറി

സ്‌പെയർപാർട്‌സുകളുടെ വിലയും കുത്തനെ ഉയർന്നു. പഞ്ചർ ഒട്ടിക്കുന്നതുൾപ്പെടെ അറ്റകുറ്റപ്പണിക്കും ചെലവേറി. 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഒരു ബസ് നിരത്തിലിറക്കുന്നത്. ഇത്തരത്തിൽ നിരവധി ബസുകളാണ് മാസങ്ങളായി ഓട്ടംനിലച്ച് കിടക്കുന്നത്. ബാങ്ക് അടവും തെറ്റി. നിരത്തിലിറക്കണമെങ്കിൽ ബസ് ഒന്നിന് രണ്ട് ലക്ഷത്തോളം രൂപയുടെ അറ്റകുറ്റപ്പണി വേണ്ടി വരും. കേരള ബാങ്ക് വഴി ലോൺ നൽകാമെന്ന തീരുമാനവും നടപ്പായില്ല.

സമരം പിൻവലിച്ചു

പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ഇന്ന് മുതൽ ആരംഭിക്കാനിരുന്ന അനിശ്ചിത കാല പണിമുടക്ക് പിൻവലിച്ചു. ഇന്നലെ രാത്രി ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമവായമായത്. രണ്ട് ദിവസം മുമ്പ് കെ.എസ്.ആർ.ടി.സി നടത്തിയ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞിരുന്നു.

പ്രതിദിന കണക്ക്

ഡീസൽ 50 ലിറ്റർ: ₹ 4,600

ഡ്രൈവർ: ₹ 900

കണ്ടക്ടർ: ₹ 850

ക്ളീനർ: ₹ 750

ആകെ ചെലവ്: ₹ 7,100

കളക്ഷൻ: ₹ 6,​000

നഷ്ടം: ₹ 1,100

ആവശ്യങ്ങൾ

1. മിനിമം ചാർജ് 12 രൂപയാക്കുക

2. കിലോമീറ്റർ നിരക്ക് ഒരു രൂപയായി വർദ്ധിപ്പിക്കണം

3. വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കുക

4. ചാർജ് യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം

5. കൊവിഡ് ഒഴിയുംവരെ സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കണം

"

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. 1965ലെ യാത്രാ കൺസെഷൻ സംവിധാനം പുനഃപരിശോധിക്കാൻ വിദ്യാർത്ഥി സംഘടനാ നേതാക്കൾ തയ്യാറാകണം.

പി.ജെ. കുര്യൻ, ജില്ലാ പ്രസിഡന്റ്,

കേരളാ ബസ് ട്രാൻസ്‌പോർട്ട് അസോ.

Advertisement
Advertisement