പ്രകൃതി ദുരന്തങ്ങൾക്ക് കാരണം ക്വാറികളാണോ എന്ന് പരിശോധിക്കും: മന്ത്രി രാജീവ്

Tuesday 09 November 2021 12:10 AM IST

തിരുവനന്തപുരം: ക്വാറികൾ കാരണമാണോ ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത് എന്ന് പരിശോധിക്കാൻ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയെ കൊണ്ട് പഠനം നടത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. കൂട്ടിക്കൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളിൽ അനധികൃത ക്വാറികൾ കണ്ടെത്തുന്നതിനുള്ള പരിശോധന ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും. അവിടെ രണ്ട് ക്വാറികളാണ് പ്രവർത്തിച്ചിരുന്നത്. അതിൽ ഒന്നിന്റെ പ്രവർത്തനം പ്രളയത്തെ തുടർന്ന് 2019ൽ അവസാനിപ്പിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപന പ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളായി നിർണയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഖനനപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2010-11ൽ കേരളത്തിൽ 3104 ക്വാറികൾ പ്രവർത്തിച്ചിരുന്നു. 2020-21ൽ 604 ക്വാറികൾ മാത്രമാണുള്ളത്.


സംസ്ഥാനത്ത് നിർമ്മാണപ്രവർത്തനങ്ങൾക്ക് കരിങ്കൽ ആവശ്യമാണ്. ശരാശരി മൂന്ന് ഹെക്ടറായി ക്വാറിയുടെ വിസ്തൃതി കണക്കാക്കിയാൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തീകരിക്കാൻ 66 ക്വാറികൾ വേണ്ടിവരും. എട്ട് ലക്ഷം മെട്രിക്‌‌ ടൺ കരിങ്കൽ മാത്രമാണ് സംസ്ഥാനത്ത് നിന്ന് സംഭരിക്കുന്നത്. ബാക്കി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരികയാണ്. ദേശീയപാതാ വികസനത്തിനും നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിക്കും മറ്റ് വികസനപ്രവർത്തനങ്ങൾക്കും കരിങ്കൽ ആവശ്യമായി വരും.