പാർട്ടി കൂടെയുണ്ട്: ജി. സുധാകരൻ

Tuesday 09 November 2021 12:22 AM IST

ആലപ്പുഴ: പാർട്ടി നടപടിയിൽ ഒരു വിഷമവുമില്ലെന്നും പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമാകുമെന്നും മുൻ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ജി. സുധാകരൻ പറഞ്ഞു. പാർട്ടിയുടെ അച്ചടക്ക നടപടിക്ക് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന കമ്മിറ്റിക്കു ശേഷം കൂടുതൽ പ്രവർത്തനങ്ങളിൽ മുഴുകാനുള്ള ആർജ്ജവുമായാണ് തിരിച്ചെത്തിയത്. ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടായാണ് നയിക്കുന്നത്. സ്ഥാനമാനങ്ങൾക്കു വേണ്ടി ആരോടും സമ്മർദ്ദം ചെലുത്തുകയോ അപേക്ഷിക്കുകയോ ചെയ്‌തിട്ടില്ല. സംസ്ഥാന കമ്മിറ്റിക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനെയും അവരുടെ വസതിയിൽ ചെന്ന് കണ്ടു. ആലപ്പുഴയിലെ പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യമാണ് അവർ സംസാരിച്ചത്. കമ്മ്യൂണിസ്റ്റുകാർ പൊതുവേ മനസിലുള്ളത് തുറന്നു പറയാറുണ്ട്. അറിവില്ലാത്തവരും തെറ്റായി ചിന്തിക്കുന്നവരും അഴിമതിക്കാരും എല്ലാമുള്ള സമൂഹമാണിത്. അതിന്റെ തുടർച്ചകൾ പല സ്ഥലത്തും കാണും. അത്തരക്കാരെ ഗൗനിക്കേണ്ടതില്ല. പാർട്ടി കൂടെയുള്ളതിനാൽ ഒറ്റപ്പെട്ടതായി തോന്നിയിട്ടില്ല.

പാർട്ടിയിലെ തന്റെ സ്വാധീനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ഒറ്റപ്പെടുന്നു എന്നതൊക്ക ബൂർഷ്വാ പ്രയോഗമാണ്. പാർട്ടിയെടുത്ത എല്ലാ തീരുമാനങ്ങളോടും നൂറു ശതമാനം യോജിപ്പാണുള്ളത്. പാർട്ടിക്ക് അതീതരായി ആരുമില്ല. തനിക്കുള്ള നടപടി മറ്റുള്ളവർക്ക് മുന്നറിയിപ്പാണെന്ന് പറയുന്നതിൽ അർത്ഥമില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം കഴിഞ്ഞ 12 വർഷത്തിനുള്ളിൽ രണ്ടു തവണ മുന്നോട്ട് വച്ചിട്ടും വേണ്ടെന്ന് പറഞ്ഞയാളാണ് താൻ. അന്വേഷണ കമ്മിഷൻ അടഞ്ഞ അദ്ധ്യായമായതിനാൽ അതേപ്പറ്റിയൊന്നും പറയാനില്ല. ജില്ലയിലെ പാർട്ടിയിൽ കാര്യമായ സംഘടനാ പ്രശ്‌നങ്ങളില്ല. ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിൽ പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞു.