ഉദ്യോഗസ്ഥർക്കെതിരെ നടപടി നിയമവശം നോക്കി

Tuesday 09 November 2021 12:29 AM IST

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ തമിഴ്നാടിന് വനം ഉദ്യോഗസ്ഥർ അനുമതി നൽകിയതിനെ ന്യായീകരിച്ച് വനം മേധാവി പി.കെ. കേശവൻ നൽകിയ റിപ്പോർട്ട് മന്ത്രി എ.കെ.ശശീന്ദ്രൻ പരിശോധിച്ചെങ്കിലും നടപടി തീരുമാനിച്ചില്ല.
ഐ.എഫ്.എസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഭവമായതിനാൽ നിയമവശങ്ങൾ പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കൂ.

ഉത്തരവ് ഉദ്യോഗസ്ഥതല യോഗത്തിൽ എടുത്ത തീരുമാനമാണെന്നും സുപ്രീം കോടതി നിർദേശങ്ങൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വനം മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. 2001, 2006 വർഷങ്ങളിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയി‍ട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

#ഉത്തരവിന്റെ നിയമവശം

2006-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തമിഴ്‌നാടിന് കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യം കേരളം ചെയ്ത് കൊടുക്കേണ്ടതാണ്. കേരളം ഇതിനെതിരെ നിയമസഭയിൽ ബിൽ പാസാക്കിയെങ്കിലും ഭരണഘടനാ വിരുദ്ധമെന്ന് കാട്ടി കോടതി തടഞ്ഞു. 1956-ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിലെ ചട്ടം 108 പ്രകാരം സ്വാതന്ത്ര്യത്തിനുമുൻപുള്ള മുഴുവൻ അന്തർസംസ്ഥാന ജലവൈദ്യുതകരാറുകളും നിലനിൽക്കും എന്ന കാരണത്താലാണ് കേരളത്തിന്റെ വാദം സുപ്രീംകോടതി തള്ളിയത്.

ഈ രണ്ട് വിധികളുടെ പിൻബലത്തിലാണ് മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് 2014-ൽ ആദ്യം കത്ത് നൽകിയത്. 33 മരങ്ങൾ മുറിക്കാനാണ് അനുമതി ചോദിച്ചത്. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി പല തവണ കേരളം ആവശ്യം തള്ളി. 2020-ൽ 23 മരങ്ങൾ എന്ന കണക്ക് തമിഴ്നാട് വനംവകുപ്പിന് നൽകി. ഇതിന്മേലാണ് മരം വെട്ടാൻ അനുമതി നൽകിയ ഉത്തരവിറങ്ങിയത്.