പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന ഹർജി: വിശദീകരണ പത്രിക നൽകാൻ നിർദ്ദേശം

Tuesday 09 November 2021 12:39 AM IST

കൊച്ചി: പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കി പത്തു ദിവസത്തിനകം വിശദീകരണ പത്രിക നൽകാൻ ഹൈക്കോടതി ജി.എസ്.ടി കൗൺസിലിന് നിർദ്ദേശം നൽകി. ഇന്ധനവില വർദ്ധന ചെറുക്കാൻ പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിലാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധിദർശൻ വേദി നൽകിയ ഹർജിയൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിദ്ദേശം നൽകിയത്. ഹർജി നവംബർ 19നു വീണ്ടും പരിഗണിക്കും. വിവിധ സംസ്ഥാനങ്ങളിൽ ഇന്ധനത്തിന് പല വിലയാണെന്നും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിലൂടെ വില ഏകീകരിക്കാൻ കഴിയുമെന്നുമാണ് ഹർജിക്കാരുടെ വാദം. നേരത്തെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹർജിക്കാർ ജി.എസ്.ടി കൗൺസിലിന് നിവേദനം നൽകിയിരുന്നെങ്കിലും പരിഗണിക്കേണ്ടതില്ലെന്നായിരുന്നു കൗൺസിൽ തീരുമാനം.