റാഗിംഗ് എന്ന മനോരോഗം

Tuesday 09 November 2021 2:14 AM IST

റാഗിംഗ് തടയാൻ വളരെ ക‌ർശനമായ നിയമങ്ങൾ നിലവിലുണ്ട്. എന്നിട്ടും പലയിടത്തും റാംഗിംഗ് നടക്കുന്നു. പരാതി വരാത്തതിനാൽ ആരും അറിയുന്നില്ലെന്നേയുള്ളൂ. മണ്ണൂത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ ഒന്നാം വ‌ർഷ വിദ്യാർത്ഥി മഹേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം റാഗിംഗ് എന്ന ദുഷ്കൃത്യം വീണ്ടും ചർച്ച ചെയ്യപ്പെടാൻ ഇടയാക്കിയിരിക്കുന്നു. റാംഗിന്റെ ഇരയാണ് ഈ വിദ്യാ‌ർത്ഥിയെന്നാണ് സഹപാഠികൾ പറയുന്നത്. അങ്ങനെയാണെങ്കിൽ ആരൊക്കെയാണ് റാഗിംഗ് നടത്തിയതെന്നും ഇവർക്ക് അറിയാമായിരിക്കും. വിശദമായ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണിത്. കുറ്റംചെയ്തതായി കണ്ടെത്തപ്പെടുന്നവ‌ർ യാതൊരു പരിഗണനയ്ക്കും അർഹരല്ല. എന്നാൽ വിവരങ്ങൾ നൽകുന്നവരുടെ ഐഡന്റിറ്റി പുറത്തുവിടില്ലെന്ന ഉറപ്പ് നൽകുകയും അന്വേഷണ ഉദ്യോഗസ്ഥർ അത് പാലിക്കുകയും ചെയ്താൽ മാത്രമെ പലരും യഥാർത്ഥ വസ്തുതകൾ തുറന്നു പറയാൻ തയ്യാറാവൂ. തെറ്റായ വിവരങ്ങൾ നൽകി അന്വേഷണത്തെ വഴിതെറ്റിക്കാനും ശ്രമം നടന്നെന്നു വരാം. അമിതമായി രാഷ്ട്രീയം കലർന്നാൽ ഏതു സംഭവത്തിലും സത്യം തമസ്ക്കരിക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്.

ഒരു കുട്ടിയുടെ ജീവിതം വിടരും മുൻപേ തല്ലിക്കെടുത്തിയതാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ചവർ അവരുടെ ജീവിതംകൊണ്ട് തന്നെ വില നൽകണം. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണം. നിയമങ്ങൾകൊണ്ട് മാത്രം എല്ലാം തടയാനാകില്ല. കെെക്കൂലി വാങ്ങരുതെന്നാണ് നിയമം. പക്ഷേ അത് കൂടി വരുന്നതല്ലാതെ കുറയുന്നില്ല. ഭവിഷ്യത്തുകളോർത്ത് പരാതിപ്പെടാൻ പലരും തയ്യാറാകില്ല. അതാണ് ഇത്തരം പ്രവണതകൾ കൂടാൻ കാരണം. ഹർത്താൽ പോലെ റാഗിംഗും എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെടേണ്ട തുരുമ്പുപിടിച്ച തിന്മയാണ്. റാഗിംഗ് എന്ന പേരിൽ ക്രൂരമായ മർദ്ദനമാണ് പല പ്രൊഫഷണൽ കോളേജുകളിലും നടന്നിട്ടുള്ളതെന്ന് ഇതിന് മുമ്പുണ്ടായ സമാനമായ സംഭവങ്ങളുടെ അന്വേഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. ഒരു മനുഷ്യജീവിയെ ഒരു പരിധിക്കപ്പുറം അപമാനിക്കാനും അവഹേളിക്കാനും മുറിവേല്‌പ്പിക്കാനുമുള്ള പ്രവണതയെ മനോവെെക‌ൃതമായി തന്നെ കാണണം. അത്തരം ഒരു മനോവെെകൃതത്തെയാണ് റാഗിംഗ് എന്ന ഓമനപ്പേരിട്ട് ചിലർ കൊണ്ടുനടക്കുന്നത്. ഇത് തടയാൻ കാമ്പസുകളിൽ തന്നെ ജാഗ്രതാ സമിതികൾ ഉണ്ടാകണം. റാഗിംഗ് രഹിത കാമ്പസ് എന്നത് ഇത്തരം സമിതികൾ ഉറപ്പാക്കണം. ഇതിനായി ബോധവത്‌കരണവും പ്രചാരണപരിപാടികളും പ്രതിജ്ഞയെടുക്കലുമൊക്കെ നടക്കുന്നതിനോടൊപ്പം തന്നെ ബന്ധപ്പെട്ട കോളേജിന്റെ പ്രധാന അദ്ധ്യാപകർ ജൂനിയർ വിദ്യാ‌ർത്ഥികൾക്ക് പ്രത്യേക കരുതലും സംരക്ഷണവും നൽകണം. ഇതൊന്നും കൂസാതെ ആരെങ്കിലും വീണ്ടും റാഗിംഗിന് ശ്രമിച്ചാൽ അവർക്കെതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും അധികാരികൾ മടിക്കരുത്. തീയിൽ തൊടാൻ ആളുകൾ മടിക്കുന്നത് തൊട്ടാൽ പൊള്ളുമെന്നതുകൊണ്ടാണ്. ശിക്ഷകിട്ടുമെന്ന് ഉറപ്പായാൽ പലരും റാഗിംഗ് എന്ന വെെകൃതത്തിൽ നിന്ന് ഭയന്നെങ്കിലും പിന്മാറും. അതിനുള്ള സാഹചര്യം വിദ്യാർത്ഥികളും അദ്ധ്യാപകരും

ചേർന്നുള്ള കൂട്ടായ്മകളാണ് കാമ്പസുകളിൽ സൃഷ്ടിക്കേണ്ടത്. മണ്ണൂത്തി കാർഷിക സർവകലാശാലയിൽ ഒന്നാംവർഷ വിദ്യാർത്ഥികൾ റാംഗിഗുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 24 ന് സർവകലാശാലാ അധികൃതർക്ക് പരാതി കൊടുത്തിരുന്നു. അവിടെ അതിരുകടന്ന റാഗിംഗ് നടന്നിരിക്കണം. അല്ലാതെ വിദ്യാർത്ഥികൾ കൂട്ടത്തോടെ പരാതിയുമായി എത്തില്ല. ഈ പരാതിയുടെ പുറത്ത് യാതൊരു നടപടിയും എടുക്കാതിരുന്നവരും കുറ്റക്കാർ തന്നെയാണ്. അവർ തക്കസമയത്ത് നടപടിയെടുത്തിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു. അതിനാൽ അവർക്കെതിരെയും നടപടി ഉണ്ടാവണം.