സീവേജ് ലൈനിൽ പണി തുടങ്ങി യാത്രക്കാർക്ക് 'മുട്ടൻ പണി '

Tuesday 09 November 2021 2:41 AM IST

തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപാസിലെ കല്ലുംമൂട് ഭാഗത്ത് സീവേജ് ലൈനിലെ ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചതോടെ സർവീസ് റോഡിലൂടെയുള്ള ഗതാഗതം പോലും ദുഷ്കരം. 20 ദിവസം ബൈപാസിന്റെ ഒരുവശം അടച്ചിട്ടതിനു ശേഷമാണ് ചോർച്ച എവിടെയെന്ന് കണ്ടെത്തി പരിഹരിക്കാൻ ശ്രമം തുടങ്ങിയത്. നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കാൻ ഒരു മാസമെടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതുവരെ ഈ ദുരിതം തുടരും.

ഈഞ്ചയ്ക്കൽ മുതൽ പരുത്തിക്കുഴി വരെയുള്ള ബൈപാസ് റോഡിലെ വലതുവശമാണ് അടച്ചിരിക്കുന്നത്. ഇന്നലെ മുതൽ അടച്ചത് ഇടതുവശത്തെ സർവീസ് റോഡാണ്. സർവീസ് റോഡിൽ അറ്റകുറ്റപ്പണി നടക്കുമ്പോഴും പ്രധാന റോഡ് അടച്ചുതന്നെ ഇട്ടിരിക്കുന്നതാണ് പ്രശ്നം ഇരട്ടിയാക്കുന്നത്. സർവീസ് റോഡുവഴി പോയിരുന്ന വാഹനങ്ങളും പ്രധാനറോഡ് വഴി പോയിരുന്ന വാഹനങ്ങളും കൂടിച്ചേർന്നപ്പോൾ ആകെ കുരുക്കായി. അതിനൊപ്പം ഇന്നലെ പെയ്ത മഴയും കൂടിയായപ്പോൾ ഗതാഗതം ആകെ 'കുള'മായി.

ആകെ കറങ്ങി... പിന്നെ കുരുങ്ങി

പരുത്തിക്കുഴി ഭാഗത്ത് രണ്ടുവശത്തെ സർവീസ് റോഡിലും വെള്ളക്കെട്ടുണ്ട്. ഇടതുവശത്താണ് ഇത് ഏറെ രൂക്ഷം. ഇരുചക്രവാഹനങ്ങളിൽ അതുവഴി പോയവരൊക്കെ വെള്ളത്തിൽ മുങ്ങിത്തപ്പി. ഇത് ഒഴിവാക്കി നഗരത്തിൽ എത്താനായി വലത്തോട്ട് തിരിഞ്ഞവർ സകല ഇടറോഡുകളിലും കറങ്ങിത്തിരിഞ്ഞ് ഒരു വഴിക്കായി. സർവീസ് റോഡിലെ പെട്രോൾ പമ്പിനു സമീപം വലത്തോട്ടുള്ള ഇടറോഡിലേക്ക് പൊലീസ്, വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

എങ്ങോട്ടാണ് ഈ പോക്കെന്നറിയാതെയാണ് പലരും വാഹനമോടിച്ചത്. എതിരെ വാഹനങ്ങൾ വന്നപ്പോഴൊക്കെ കുരുക്കായി. രാവിലെ ഓഫീസിൽ ഉൾപ്പെടെ പോകാനിറങ്ങിയവർ ആകെ പെട്ട അവസ്ഥയായി. പടിഞ്ഞാറേകോട്ട ഭാഗത്തേക്ക് പോകേണ്ടവരൊക്കെ എത്തിച്ചേർന്നത് മണക്കാടായിരുന്നു. അവിടെനിന്ന് അട്ടക്കുളങ്ങരയിലെ കുരുക്കും താണ്ടി ശ്രീവരാഹം വഴിയാണ് എല്ലാവരും ലക്ഷ്യത്തിലെത്തിയത്. ഈ തിരിച്ചുവിടൽ കാരണം നഷ്ടമായത് അരമണിക്കൂറിൽ കൂടുതലായിരുന്നു.

നിയന്ത്രണം ഒരുമാസം

ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് സീവേജ് സബ്ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചിരിക്കുന്നത്. ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്നവർ ഈഞ്ചയ്ക്കൽ വള്ളക്കടവ് റോഡ് ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു. കോവളം ഭാഗത്തുനിന്നും വള്ളക്കടവ് റോഡിലേക്ക് കടക്കണമെങ്കിൽ മുട്ടത്തറ ഭാഗത്തെ വെള്ളക്കെട്ടു കൂടി താണ്ടി പോകേണ്ട അവസ്ഥയാണ് നിലവിൽ.

Advertisement
Advertisement