ഒടുവിൽ വിജയം സിദ്ദുവിന്, എ.ജിയുടെ രാജി അംഗീകരിച്ചു

Wednesday 10 November 2021 12:33 AM IST

ചണ്ഡീഗഢ്: രാഷ്ട്രീയ നാടകങ്ങൾക്കും വാക് പോരിനും ഒടുവിൽ പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജോത് സിംഗ് സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങി പഞ്ചാബ് സർക്കാർ. അഡ്വക്കേറ്റ് ജനറൽ എ.പി.എസ്. ഡിയോളിന്റെ രാജി ചരൺജിത് സിംഗ് ഛന്നി സർക്കാർ അംഗീകരിച്ചു.

നേരത്തെ പി.സി.സി അദ്ധ്യക്ഷസ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച സിദ്ദു, തീരുമാനം പിൻവലിക്കണമെങ്കിൽ സംസ്ഥാന ഡി.ജി.പിയെയും അഡ്വക്കേറ്റ് ജനറലിനെയും നീക്കണമെന്ന ഉപാധി മുന്നോട്ടുവച്ചിരുന്നു.

സിദ്ദു രാജിപിൻവലിച്ചതിന് പിന്നാലെയാണ് അഡ്വക്കേറ്റ് ജനറൽ ഡിയോളിന്റെ രാജി ക്യാബിനറ്റ് അംഗീകരിച്ചത്.

' കോൺഗ്രസ് പ്രസിഡന്റിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പോരാളി, അവന്റെ രാജി പിൻവലിച്ചിരിക്കുകയാണ്. എന്നാൽ പുതിയ ഡി.ജി.പിയെയും അഡ്വക്കേറ്റ് ജനറലിനെയും കിട്ടുന്ന ദിവസം മാത്രമേ ഞാൻ ചുമതല ഏറ്റെടുക്കുകയുള്ളൂ' എന്നായിരുന്നു കഴിഞ്ഞയാഴ്ച മാദ്ധ്യമങ്ങളോട് സിദ്ദു പ്രതികരിച്ചത്. സത്യത്തിന്റെ പാതയിലാണ് നിങ്ങളെങ്കിൽ, പദവി ഒരു വിഷയമേ അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചയാണ് എ.ജി രാജി സമർപ്പിച്ചത്. ഇന്നലെ ഡിയോളിന്റെ രാജി ക്യാബിനറ്റ് അംഗീകരിച്ചതായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.