വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് 1001 രൂപ,​ പാരിതോഷികം പ്രഖ്യാപിച്ച് രാഷ്ട്രീയ സംഘടന

Wednesday 10 November 2021 12:03 AM IST

ചെന്നൈ: തമിഴ് നടൻ വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കൾ കക്ഷി സംഘടന. ഒരു ചവിട്ടിന് 1001 രൂപ നൽകുമെന്നാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തിന്റെ പ്രഖ്യാപനം. തേവർ സമുദായത്തെ അപമാനിച്ചതിനാലാണ് വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് തങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചതെന്നും അർജുൻ സമ്പത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിയെ ആക്രമിക്കാനുള്ള ശ്രമം നടന്നിരുന്നു. നടന്റെ സഹായിക്ക് ചവിട്ടേറ്റു. എന്നാൽ അത് വിജയ് സേതുപതിയുമായി ബന്ധപ്പെട്ട പ്രശ്നമല്ല, സുഹൃത്തുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം.

എന്നാൽ വിമാനത്തിൽ വച്ച് വിജയ് സേതുപതി തേവർ സമുദായത്തെയും തേവർ സമുദായ നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചെന്നാണ് അർജുൻ സമ്പത്ത് പറയുന്നത്. ഇതാണ് വിമാനത്താവളത്തിൽവച്ചുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇയാൾ അവകാശപ്പെടുന്നു.

ഹിന്ദു മക്കൾ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നേരത്തെയും സമാനമായ വിവാദ പ്രഖ്യാപനങ്ങൾ നടത്തി വാർത്തകളിൽ ഇടംപിടിച്ച സംഘടനയാണ് ഹിന്ദു മക്കൾ കക്ഷി.