ഡൽഹിയിലെ മലിനീകരണം; പരിഹാര പദ്ധതികളുമായി കേന്ദ്രം

Wednesday 10 November 2021 12:05 AM IST

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെയും അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കലിന്റെയും ഭാഗമായി ഡൽഹിയിൽ ക്രമാതീതമായി വായു മലിനീകരണം വർദ്ധിച്ചത് തടയാൻ പദ്ധതികളുമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. റോഡുകൾ വൃത്തിയാക്കുന്നതിന് യന്ത്രവത്കൃത മാർഗങ്ങൾ സ്വീകരിക്കുക, പൊടിപടലങ്ങൾ ഉയരുന്നത് തടയാൻ റോഡുകളിൽ വെള്ളം തളിക്കുക, റോഡുകളിൽ കിടക്കുന്ന ഖര മാലിന്യങ്ങൾ നീക്കം ചെയ്യുക തുടങ്ങി വലുതും ചെറുതുമായ നിരവധി പദ്ധതികളാണ് നിർദ്ദേശിച്ചിരിക്കുന്നത്.

പൊതുഗതാഗത മാർഗങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിന് തിരക്കില്ലാത്ത സമയങ്ങളിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കണം. വായു മലിനീകരണത്തിന്റെ തോതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കും.
ദീപാവലി ആഘോഷങ്ങളെ തുടർന്ന് 400ന് മുകളിലെത്തിയ വായു നിലവാര സൂചികയിൽ കഴിഞ്ഞ ദിവസം നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും ഇന്നലെ രാവിലെ അന്തരീക്ഷ വായുവിന്റെ നിലവാരം വീണ്ടും പഴയപടിയായി. തിങ്കളാഴ്ച 384ൽ എത്തിയ വായു നിലാവാര സൂചിക ഇന്നലെ രാവിലെ 422ലെത്തി.
വടക്ക് പടിഞ്ഞാറ് ദിശയിലായി വീശുന്ന കാറ്റ് വൈക്കോൽ കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുകയെ കൂടുതലായി ഡൽഹി അതിർത്തിക്കുള്ളിൽ എത്തിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ തണുപ്പിന്റെ കാഠിന്യം കൂടുന്നതും മോശമായ കാലാവസ്ഥയ്ക്ക് കാരണമാകും. അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഉദ്യോഗസ്ഥതല യോഗം വിളിച്ചിരുന്നു.