ചിത്രയും കൈതപ്രവും ഉൾപ്പെടെ പത്മ അവാർഡുകൾ ഏറ്റുവാങ്ങി

Wednesday 10 November 2021 12:36 AM IST

ന്യൂഡൽഹി: മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്‌ക്ക് പദ്‌മഭൂഷൺ അടക്കം 2021ലെ പത്മ അവാർഡുകൾ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്‌തു.

സംഗീതജ്ഞനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പി.ടി. ഉഷയുടെ പരിശീലകൻ ഒ.എം. നമ്പ്യാർക്കു വേണ്ടി ഭാര്യ ലീല,, എഴുത്തുകാരൻ ബാലൻ പൂതേരി, വയനാട്ടിലെ കൽപ്പറ്റയിൽ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോ.ധനഞ്ജയ് ദിവാകർ സാഗ്‌ദേവ് എന്നിവർ പദ്മശ്രീ പുരസ്കാരവും സ്വീകരിച്ചു. പത്മശ്രീ ലഭിച്ച തോൽപ്പാവക്കൂത്ത് കലാകാരൻ കെ.കെ രാമചന്ദ്ര പുലവർ ചടങ്ങിനെത്തിയില്ല.

മഹാഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി ലഭിച്ച പദ്മവിഭൂഷൺ മകൻ എസ്.പി. ചരൺ ഏറ്റുവാങ്ങി. ലോക്‌സഭാ മുൻ സ്പീക്കറും ബി.ജെ.പി നേതാവുമായ സുമിത്ര മഹാജൻ, കന്നഡ കവി ചന്ദ്രശേഖര കമ്പർ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറിയും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ തലവനുമായ നൃപേന്ദ്ര മിശ്ര എന്നിവർ പദ്മഭൂഷണും സംഗീതജ്ഞ ബോംബെ ജയശ്രീ ഉൾപ്പെടെയുള്ളവർ പദ്മശ്രീ പുരസ്കാരവും സ്വീകരിച്ചു.