സ്ഥലം മടക്കിക്കിട്ടാൻ നിയമ വഴി നോക്കണം

Wednesday 10 November 2021 1:33 AM IST

നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുടുങ്ങി പിറവിയെടുക്കും മുമ്പേ കരിഞ്ഞുപോകുന്ന വ്യവസായ സംരംഭങ്ങൾക്ക് കുറവില്ലാത്ത നാടാണ് കേരളം. സംരംഭം തുടങ്ങാനുദ്ദേശിച്ച് മുന്നോട്ടുവരുന്നവരെ നിരുത്സാഹപ്പെടുത്തി ഓടിക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ഒരു ആചാരം പോലെ പുറത്തെടുക്കുന്നതിൽ ഒട്ടും മടികാണിക്കാറുമില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായ സംരംഭങ്ങൾക്കു പോലും ഈ ഗതി വരാറുണ്ട്. കണ്ണൂർ ജില്ലയിലെ കല്യാശേരി - പാപ്പിനിശേരി പഞ്ചായത്തുകളിലായി 120 ഏക്കർ സ്ഥലത്ത് ഇലക്ട്രിക് ഓട്ടോറിക്ഷ നിർമ്മാണ യൂണിറ്റ് തുടങ്ങാനുള്ള സംസ്ഥാന വ്യവസായ വകുപ്പിന്റെ പദ്ധതി ഭൂമിയുടെ അവകാശത്തർക്കത്തിൽ മുടങ്ങിപ്പോയ അനുഭവം രണ്ടുദിവസം മുൻപ് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ രണ്ടു പഞ്ചായത്തുകളിലായി കിടക്കുന്ന ഇരണാവിലെ 120 ഏക്കർ സ്ഥലം വർഷങ്ങളായി വെറുതേ കിടക്കുകയാണ്.

വ്യവസായം തുടങ്ങാൻ വേണ്ടി സ്ഥലവാസികളെ ഒഴിപ്പിച്ച് സർക്കാർ ഏറ്റെടുത്ത ഭൂമിയാണിത്. കെൽട്രോൺ സ്ഥാപകനും ക്രാന്തദർശിയുമായ കെ.പി.പി നമ്പ്യാരുമായി ചേർന്ന് താപവൈദ്യുതി നിലയം തുടങ്ങാനുള്ളതായിരുന്നു ആദ്യ പദ്ധതി. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി രുന്നപ്പോഴായിരുന്നു അതിനുവേണ്ടിയുള്ള ചുവടുവയ‌്‌പ്. നായനാരും അതീവ താത്‌പര്യമെടുത്തെങ്കിലും സ്ഥലവാസികളുടെ എതിർപ്പു കാരണം പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. പതിനഞ്ചുവർഷത്തോളം ഇരണാവിലെ ഭൂമി അങ്ങനെതന്നെ കിടക്കുമ്പോഴാണ് കോസ്റ്റ് ഗാർഡ് അക്കാഡമി സ്ഥാപിക്കാനായി ഈ ഭൂമിയിൽ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ കണ്ണു പതിഞ്ഞത്. എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് ഇതുണ്ടായത്. ഏഴിമലയിൽ നാവിക അക്കാഡമി വന്നതുപോലെ ഇരണാവിൽ കോസ്റ്റ് ഗാർഡ് അക്കാഡമി പുതിയ വികസന പാത തുറക്കുമെന്നു സ്വപ്നം കണ്ടവർ പക്ഷേ നിരാശരാകേണ്ടിവന്നു. കോസ്റ്റ് ഗാർഡ് അക്കാഡമിക്ക് ആന്റണി തന്നെ ശിലാസ്ഥാപനം നടത്തിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

തിരഞ്ഞെടുപ്പിൽ എൻ.ഡി.എ അധികാരത്തിൽ വന്നതോടെ അക്കാഡമി കർണാടകത്തിലേക്ക് പോയി.അക്കാഡമി തുടങ്ങാൻ വേണ്ടിയാണ് കേരളം ഇരണാവിൽ 120 ഏക്കർ സ്ഥലം കേന്ദ്രത്തിനു വിട്ടുകൊടുത്തത്. അക്കാഡമി സ്ഥാപിതമാകാത്ത സാഹചര്യത്തിൽ ഈ സ്ഥലം സംസ്ഥാനത്തിന് തിരികെ നൽകേണ്ടതാണ്. ഭൂമി കൈമാറ്റം നടക്കുമ്പോൾ വ്യവസ്ഥയും അതായിരുന്നു. ഈ സ്ഥലം ഇലക്ട്രിക് ഓട്ടോറിക്ഷ നിർമ്മാണ യൂണിറ്റിനായി ഉപയോഗപ്പെടുത്താൻ നീക്കമുണ്ടായത് 2016-ലാണ്. ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് പ്രത്യേക താത്‌പര്യമെടുത്ത് ഇതിനു ശ്രമം നടന്നത്. സർക്കാർ - സ്വകാര്യ സംരംഭമെന്ന നിലയിലാണ് യൂണിറ്റ് തുടങ്ങാനിരുന്നത്. പക്ഷേ അവിടെയും തിരിച്ചടിയാണുണ്ടായത്. സ്ഥലം തിരികെ നൽകാൻ കേന്ദ്രം തയ്യാറാകാതെ വന്നതോടെ അനേകം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കേണ്ടിയിരുന്ന വ്യവസായ യൂണിറ്റ് പിറവിയെടുത്തില്ല. പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം സ്ഥലം തിരികെ നൽകാൻ തയ്യാറായില്ലെന്നാണ് വ്യവസായ വകുപ്പിന്റെ വിശദീകരണം.കരാർ പ്രകാരമുള്ള വ്യവസ്ഥ പാലിക്കാൻ കേന്ദ്രം ബാദ്ധ്യസ്ഥമാണെന്നിരിക്കെ ഭൂമി വിട്ടുനൽകാൻ വിസമ്മതിച്ചാൽ അതു നേടിയെടുക്കാൻ നിയമപരമായ വഴി തേടേണ്ടതായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂമി ഇന്ന് ഏറ്റവും അമൂല്യ സമ്പത്താണ്. കേന്ദ്രത്തിൽ നിന്ന് ഇതു വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ ഉൗർജ്ജിതപ്പെടുത്തണം. നിർദ്ദിഷ്ട ഇലക്ട്രിക് ഓട്ടോറിക്ഷ നിർമ്മാണ പദ്ധതിയിൽ നിന്ന് പിന്മാറാൻ ഉദ്ദേശമില്ലെങ്കിൽ അത് ഇവിടെത്തന്നെ സ്ഥാപിക്കണം. നിശ്ചയദാർഢ്യമാണു പ്രധാനം.