കയർ ഭൂവസ്ത്ര വിതാനം; ഏകദിന സെമിനാർ

Wednesday 10 November 2021 2:20 AM IST

തിരുവനന്തപുരം: കയർ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കയർ ഭൂവസ്ത്ര വിതാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. ആറ്റിങ്ങൽ ചെമ്പകമംഗലത്തെ കണിമംഗലം കൺവെൻഷൻ സെന്ററിൽ നടന്ന സെമിനാർ കയർ വികസന വകുപ്പ് ഡയറക്ടറും ഫുഡ് സേഫ്റ്റി കമ്മിഷണറുമായ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു.

1.5 ലക്ഷത്തോളം ആളുകൾ കയർ വ്യവസായത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ടെന്നും മറ്റ് ഫൈബറുകളെ അപേക്ഷിച്ച് ഏറെക്കാലം ഈടുനിൽക്കുന്ന കയറിന് ഇന്ത്യയിലുടനീളം വിപണന സാദ്ധ്യത നേടിയെടുക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നും കയർഫെഡ് മാനേജിംഗ് ഡയറക്ടർ സി. സുരേഷ് പറഞ്ഞു. ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതിക വശങ്ങളെക്കുറിച്ച് കയർഫെഡ് ജനറൽ മാനേജർ ബി. സുനിൽ വിഷയാവതരണം നടത്തി. ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ടി. ഷാജി, കയർഫെഡ് പ്രസിഡന്റ് എൻ. സായികുമാർ, കയർ വികസനവകുപ്പ് ഉദ്യോഗസ്ഥർ, ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, എം.ജി.എൻ.ആർ.ഇ.എസ് ഉദ്യോഗസ്ഥർ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement