അഭയാർത്ഥി പ്രശ്നം : പോളണ്ട്- ബെലാറസ് അതിർത്തിയിൽ സംഘർഷം

Wednesday 10 November 2021 3:16 AM IST

വാ​ഴ്​​​സോ: ആഫ്രിക്കയിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നുമുള്ള അഭയാർത്ഥികളെ പോളണ്ട് സൈനികർ തടഞ്ഞതോടെ ബെലാറസ് - പോളണ്ട് അതിർത്തിയിൽ സംഘർഷം. ബെലാറസ് വഴി പോളണ്ടിലേക്കും അതുവഴി യൂറോപ്പിലേക്കും കുടിയേറാനെത്തിയ നാലായിരത്തോളം അഭയാത്ഥികളാണ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്.

അതിശൈത്യത്തെ നേരിടാനുള്ള സജ്ജീകരണങ്ങളൊന്നുമില്ലാതെ അതിർത്തിയോട് ചേർന്നുള്ള ഒരു ചെറിയ ഗ്രാമത്തിൽ കഴിയുന്ന അഭയാർഥികളുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തക മാർത്ത ഗ്രേസിൻസ്‌ക പറഞ്ഞു.

യൂറോപ്പിലേക്ക് കുടിയേറാൻ മാസങ്ങളായി ബെലാറസ് സർക്കാർ അഭയാർത്ഥികളെ പ്രാത്സാഹിപ്പിക്കുന്നുവെന്ന് പോളണ്ട് ആരോപിക്കുന്നു. നിലവിൽ അഭയാർത്ഥികുടിയേറ്റം തടയുന്നതിനായി പോളണ്ട് അതിർത്തിയിൽ മുള്ളുവേലി സ്ഥാപിച്ച് സൈന്യം കാവൽ നിൽക്കുകയാണ്. സ്ഥിതി ഇതേപടി തുടരുകയാണെങ്കിൽ അതിർത്തിയിൽ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.