വിരമിച്ച ശേഷവും പ്രവാസികൾക്ക് രാജ്യത്ത് തുടരാമെന്ന് യു.എ.ഇ

Wednesday 10 November 2021 3:18 AM IST

അബുദാബി : രാജ്യത്ത് ജോലി ചെയ്യുന്ന ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി യു.എ.ഇ ഭരണകൂടം. ജോലിയിൽ നിന്ന് വിരമിച്ച ശേഷവും പ്രവാസികൾക്ക് യു.എ.ഇ യിൽ തുടരാൻ അനുവദിക്കുന്ന വിസാ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.ട്വിറ്ററിലൂടെയാണ് അൽ മക്തൂം ഇക്കാര്യം അറിയിച്ചത്. ഇത് കൂടാതെ യു.എ.ഇ റോഡുകളിൽ സെൽഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം ആരംഭിക്കാനുള്ള നിർദ്ദേശങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി.

മാനദണ്ഡങ്ങൾ അനുസരിച്ച് സർക്കാർ സ്ഥാപനങ്ങൾക്ക് അവരുടെ വികസന പരിപാടികൾക്കായി ധനസഹായം അനുവദിക്കാൻ കഴിയുന്ന ഒരു ഫെഡറൽ ഗവൺമെന്റ് ഫണ്ട് നയവും കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്. സർക്കാർ ജോലിയുടെ ഉൽപ്പാദനക്ഷമത പ്രോത്സാഹിപ്പിക്കുകയും അതിലൂടെ മികച്ച ഫലമുണ്ടാക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.