വിചാരിച്ചപോലെ കാര്യങ്ങൾ നടന്നിരുന്നുവെങ്കിൽ ലക്ഷ്മൺ ഇപ്പോൾ ഐ ടി മന്ത്രിയായി വിലസിയേനെ! മോൻസണിനൊപ്പം കൂടി സസ്‌പെൻഷൻ കിട്ടിയ ഐ പി എസുകാരൻ നിസാരക്കാരനല്ല

Wednesday 10 November 2021 11:07 AM IST

തിരുവനന്തപുരം: ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലങ്കാനയിൽ മന്ത്രിയാവാൻ കച്ചമുറുക്കിയ ആളാണ് ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ആ നീക്കം. 14വർഷം സർവീസ് ശേഷിക്കെയാണ് 46കാരനായ ലക്ഷ്മൺ രാഷ്ട്രീയകളരിയിലിറങ്ങാൻ കരുക്കൾ നീക്കിയത്. വകുപ്പും നിശ്ചയിച്ചിരുന്നു ഇൻഫർമേഷൻ ടെക്‌നോളജി. പക്ഷേ, ഐ.പി.എസ് രാജിവച്ച് മന്ത്രിയാവാനുള്ള നീക്കം പാളുകയായിരുന്നു. പുരാവസ്തു തട്ടിപ്പുകാരൻ മോൻസണിന് വഴിവിട്ട സഹായം ചെയ്തതിന് ഡി.ജി.പിയുടെ ശുപാർശയിൽ ലക്ഷ്മണിന് സസ്‌പെൻഷൻ ലഭിച്ചത്.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ അടുപ്പക്കാരനാണ് ലക്ഷ്മൺ. ഐ.ടി വകുപ്പിന്റെ ചുമതലയുള്ള വ്യവസായ മന്ത്രി കെ.ടി.രാമറാവുവിനെ മാറ്റി ലക്ഷ്മണിനെ മന്ത്രിയാക്കുമെന്നായിരുന്നു ധാരണ. ലക്ഷ്മൺ ഹൈദരാബാദിൽ പറന്നെത്തി. തെലങ്കാന രാഷ്ട്രീയത്തിൽ സജീവമായ ലക്ഷ്മണിന്റെ ബന്ധുക്കളായിരുന്നു കരുനീക്കങ്ങൾ നടത്തിയത്. ലക്ഷ്മണിന്റെ രാജി അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തിയെന്നുവരെ പ്രചരിച്ചു.

ലക്ഷ്മണിന് തെലങ്കാനയിൽ നിർണായക രാഷ്ട്രീയ സ്വാധീനമുണ്ട്. 2009 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓഫറുണ്ടായിരുന്നെങ്കിലും സ്വീകരിച്ചില്ല. 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗുഗുലോത്ത് ലക്ഷ്മൺ ഖമ്മം ജില്ലക്കാരനാണ്. ആന്ധ്രപ്രദേശ് മുൻ ഡിജിപി ഡോ. ഡി.ടി. നായിക്കിന്റെ മകൾ ഡോ. കവിതയാണു ഭാര്യ. ആലപ്പുഴ എ.എസ്.പിയായി ജോലിയിൽ പ്രവേശിച്ച ലക്ഷ്മൺ ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗങ്ങളിൽ പ്രവർത്തിച്ചു. നാലു വർഷം മുംബയ് സ്‌റ്റോക്ക് എക്സ്‌ചേഞ്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി.

Advertisement
Advertisement