എം.ടി. വാസുദേവൻ നായരുടെ മകൾ അശ്വതി ശ്രീകാന്ത് സംവിധായികയാകുന്നു

Thursday 11 November 2021 6:14 AM IST

മധുബാല വീണ്ടും മലയാളത്തിൽ

വില്പനയിൽ ആസിഫ് അലിയും

റോജയിലൂടെ രാജ്യമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നായിക മധുബാല ഏഴ് വർഷങ്ങൾക്കുശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു. ദുൽഖർ സൽമാൻ നായകനായ ദ്വിഭാഷാ ചിത്രമായ സംസാരം ആരോഗ്യത്തിന് ഹാനികരം (തമിഴിൽ വായ് മൂടി പേശവും) എന്ന ചിത്രത്തിന് ശേഷം മധുബാല എന്നിട്ട് അവസാനം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. ഈ സിനിമയുടെ ചിത്രീകരണം ജനുവരിയിലാണ് ആരംഭിക്കുന്നത്. കൊവിഡ് സാഹചര്യം മൂലമാണ് ചിത്രീകരണം നീണ്ടുപോയത്.

ഇപ്പോൾ എം.ടി. വാസുദേവൻ നായരുടെ പത്ത് തിരക്കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ് ഫ്ളി‌ക്സ് ഒർജിനൽസിലെ ചിത്രങ്ങളിലൊന്നിൽ കൂടിയാണ് മധുബാല മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. വില്പന എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് എം.ടി. വാസുദേവൻ നായരുടെ മകളും നർത്തകിയുമായ അശ്വതി ശ്രീകാന്താണ്. എറണാകുളത്ത് ചിത്രീകരണം പൂർത്തിയായ വില്പന ജനുവരി അഞ്ചിന് റിലീസ് ചെയ്യും.

ആസിഫ് അലിയാണ് വില്പനയിലെ മറ്റൊരു പ്രധാന താരം.സിദ്ദിഖിനെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന അഭയം തേടി, ബിജു മേനോൻ നായകനാകുന്ന പ്രിയദർശന്റെ ശിരോലിഖിതങ്ങൾ, പാർവതി തിരുവോത്ത് നായികയാകുന്ന ശ്യാമപ്രസാദിന്റെ കാഴ്ച, നെടുമുടിവേണുവും ഇന്ദ്രൻസും കൈലാഷും അഭിനയിക്കുന്ന ജയരാജിന്റെ സ്വർഗം തുറക്കുന്ന സമയം എന്നീ എം.ടി. സീരീസിലെ നെറ്റ് ഫ്ളിക്സ് ഒർജിനൽസിന്റെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു.ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം കടുഗന്നാവ ഒരു യാത്ര, പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒാളവും തീരവും എന്നിവ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന പ്രോജക്ടുകളാണ്.ഇന്ദ്രജിത്ത്, അപർണാ ബാലമുരളി, ആൻ അഗസ്റ്റിൻ എന്നിവർ അഭിനയിക്കുന്ന രതീഷ് അമ്പാട്ടിന്റെ കടൽക്കാറ്റ് വടകരയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രവും പൃഥ്വിരാജ് നായകനാകുന്ന ചിത്രവും എം.ടിയുടെ രചനയിൽ നെറ്റ് ഫ്ളിക്സ് ഒർജിനൻസായി ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല.

Advertisement
Advertisement