ചിറയിൻകീഴ് -കഴക്കൂട്ടം റൂട്ടിൽ യാത്രാക്ലേശം രൂക്ഷം വട്ടംകറക്കി ബസ് സർവീസുകൾ

Thursday 11 November 2021 12:24 AM IST

ചിറയിൻകീഴ്: ചിറയിൻകീഴ് - കഴക്കൂട്ടം റൂട്ടിൽ യാത്രാദുരിതം കൊടുമ്പിരിക്കൊള്ളുമ്പോഴും പരിഹാരമാർഗങ്ങൾ അകലുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കൊവിഡിന് മുൻപുതന്നെ ഇവിടെ യാത്രാദുരിതം രൂക്ഷമായിരുന്നു. കൊവിഡാനന്തരം സർവീസുകൾ ആരംഭിച്ചപ്പോൾ പലതും പുനഃരാരംഭിക്കാതിരിക്കുന്നതും മുൻകാലങ്ങളിൽ പല സർവീസുകൾ നിറുത്തലാക്കിയതും തിരുവനന്തപുരം - കൊല്ലം റൂട്ടിലെ പാസഞ്ചർ സർവീസ് പുനഃരാരംഭിക്കാത്തതുമെല്ലാം യാത്രാദുരിതം വർദ്ധിപ്പിക്കുകയാണ്.

ചിറയിൻകീഴ് - കഴക്കൂട്ടം റൂട്ടിൽ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുള്ള നാല് ചെയിൻ സർവീസുകളും കണിയാപുരം ഡിപ്പോയിൽ നിന്നുള്ള 2 ചെയിൻ സർവീസുകളും പുഃനരാരംഭിക്കാത്തതും യാത്രക്കാരെ വലയ്ക്കുന്നു. ആറ്റിങ്ങലിൽ നിന്ന് ആരംഭിച്ച് രാത്രി 8ന് ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന സർവീസ് ചിറയിൻകീഴ് മേഖലയിലെ വാണിജ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും മറ്റ് വിദ്യാർത്ഥി - ഉദ്യോഗാർത്ഥികൾക്കും ഏറെ പ്രയോജനകരമായിരുന്നു. ഈ സർവീസും ഇപ്പോൾ നിലച്ചിരിക്കുകയാണ്. ചിറയിൻകീഴ് ഭാഗത്തേക്കുള്ള പല സർവീസുകളും സിംഗിൾ ഡ്യൂട്ടിയായത് കാരണം വൈകുന്നേരത്തോടെ അവസാനിക്കുകയാണ്. മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സന്ധ്യ കഴിഞ്ഞാൽ ബസ് സർവീസില്ല

കൊവിഡിന് മുൻപ് വരെ രാത്രി 9.40ന് തിരുവനന്തപുരത്തു നിന്ന് ചിറയിൻകീഴിലേക്ക് ഉണ്ടായിരുന്ന സർവീസ് യാത്രക്കാർക്ക് വലിയ അനുഗ്രഹമായിരുന്നു. സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുന്ന പെരുങ്ങുഴി, അഴൂർ, മുരുക്കുംപുഴ ഭാഗങ്ങളിൽ ഉള്ളവർക്ക് രാത്രിയിൽ ഈ സർവീസ് ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ദേശീയപാതയിൽ ഇറങ്ങി ഓട്ടോ വിളിച്ചോ വീട്ടിൽ നിന്ന് ആളിനെ വിളിച്ചുവരുത്തിയോ വീട്ടിൽ പോകേണ്ട അവസ്ഥയിലാണ്.

പല സർവീസുകളും നിലച്ചു

ചെമ്പഴന്തി, സെന്റ് സേവിയേഴ്സ്, ആൾസെയിന്റ്സ് എന്നീ കോളേജ് ബസുകൾ രാവിലെയും വൈകിട്ടുമുള്ള കോളേജ് സർവീസുകൾക്ക് ശേഷം ഈ റൂട്ടിലാണ് സർവീസുകൾ നടത്തിയിരുന്നത്. ഈ സർവീസുകളും ഇപ്പോഴില്ല. നെടുമങ്ങാട് -ചിറയിൻകീഴ്, വിതുര - ശാർക്കര ക്ഷേത്രം, ചിറയിൻകീഴ് വഴിയുള്ള കാപ്പിൽ സർവീസ് ഇവയെല്ലാം പലപ്പോഴായി അപ്രത്യക്ഷമായിരിക്കുകയാണ്.