കലാകാരൻമാരെ പരീക്ഷിക്കരുത്!

Thursday 11 November 2021 12:00 AM IST

കോട്ടയം: ക്ഷേത്ര ദർശനത്തിന് ഇളവേർപ്പെടുത്തിയെങ്കിലും കലാപരിപാടികൾ നടത്താൻ കളക്ടറുടെ പ്രത്യേക അനുമതി വേണമെന്ന ദേവസ്വം ബോർഡ് നിർദ്ദേശം കലാകാരൻമാരെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു. തിയേറ്ററുകളും സ്കൂളുകളും വരെ തുറന്നപ്പോഴാണ് കലാകാരൻമാരോടുള്ള ‌ ഈചിറ്റമ്മനയം.

കൊവിഡ് വ്യാപനം മൂലം അടച്ചിട്ട ആരാധനാലയങ്ങൾ പൂർണമായും തുറക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടുണ്ട്. അന്നദാനംവരെ നടത്താം. ഈ സാഹചര്യത്തിലാണ് കലാപാരിപാടികൾ സംഘടിപ്പിക്കാൻ പ്രത്യേക അനുവാദം വേണ്ടിവരുന്നത്. എല്ലാ തൊഴിൽ മേഖലയും വ്യാപാരവും ഓഫീസുകളും തുറന്നപ്പോൾ തങ്ങളോട് മാത്രം അനീതി കാട്ടുന്നുവെന്നാണ് കലാകാരൻമാരുടെ പരാതി.

 ഗുണം ഒട്ടേറെ വിഭാഗങ്ങൾക്ക്

നിയന്ത്രണം മാറ്റുന്നതോടെ ഉത്സവങ്ങളും പെരുന്നാളുകളും ആശ്രയിച്ചു കഴിയുന്ന ആയിരങ്ങൾക്കാണ് പ്രയോജനം. കലാകാരന്മാർ , മൈക്ക് സെറ്റുകാർ, കലാപരിപാടികൾ ബുക്ക് ചെയ്യുന്നവർ, പന്തലുകാർ,ആനക്കാർ, കച്ചവടക്കാർ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുടെ ജീവിതവും പച്ചപിടിക്കും.

കലാപരിപാടികൾക്ക് സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ ബുക്കിംഗിന് കമ്മിറ്റിക്കാർ മുന്നോട്ടു വരൂ. കളക്ടറുടെ അനുമതി തേടണമെന്നുള്ള നൂലാമാലകളാകുമ്പോൾ പലരും അതിനായി മെനക്കെടില്ല. കലാപരിപാടി വേണ്ടെന്ന തീരുമാനത്തിലെത്തും. ഈ സാഹചര്യത്തിലാണ് നിയന്ത്രണം മാറ്റണമെന്ന ആവശ്യം കലാകാരൻമാർ ഉന്നയിക്കുന്നത്.

'' അടച്ച തിയേറ്രറിനകത്തേക്കാൾ സുരക്ഷിതമായി തുറന്ന മൈതാനത്ത് സാമൂഹിക അകലം പാലിച്ച് കലാപരിപാടികൾ നടത്താനാവും. ഉത്സവം, പെരുന്നാൾ എന്നിവയുടെ ഭാഗമായി കലാ പരിപാടികൾ നടത്തുന്നതിന് സർക്കാർ പൊതുവായ ഉത്തരവിറക്കണം''

പ്രദിപ് മാളവിക, സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഡ്രാമ വർക്കേഴ്‌സ് വേൽഫെയർ അസോ.

Advertisement
Advertisement