ഇരട്ടിപ്പിക്കൽ അതിവേഗം: മുട്ടമ്പലം അടിപ്പാത അവസാനഘട്ടത്തിൽ

Thursday 11 November 2021 12:00 AM IST

കോട്ടയം: ഏറ്റുമാനൂർ ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മുട്ടമ്പലം ലവൽ ക്രോസിനോട് ചേർന്ന് അടിപ്പാത നിർമാണം പൂർത്തീകരണ ഘട്ടത്തിലേക്ക് . രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ റെയിൽ ഗതാഗതം നിറുത്തിവെച്ചാണ് അടിപ്പാത നിർമാണ ജോലികൾ നടക്കുന്നത്.

അടിപ്പാതയ്ക്കായി നേരത്തേ മുട്ടമ്പലത്ത് നിർമിച്ച കോൺക്രീറ്റ് ബോക്സുകൾ പാളത്തിന്റെ അടിഭാഗം തുരന്ന് മണ്ണു മാറ്റി ക്രെയിൻ ഉപയോഗിച്ച് തള്ളി കയറ്റുകയാണ്. റെയിൽവേ കേന്ദ്ര ഓഫീസിൽ നിന്ന് അനുമതി വാങ്ങി ഗതാഗത നിയന്ത്രണത്തോടെ ഒരു മാസത്തോളമായി ഈ ജോലികൾ നടന്നു വരികയാണ്. യന്ത്ര സഹായത്തോടെ നിലവിലുള്ള പാതയുടെ അടിയിലേക്ക് ബോക്സുകൾ തള്ളി കയറ്റുന്ന ജോലിയാണ് അവസാന ഘട്ടത്തിലെത്തിയത്. ഇനി അപ്രോച്ച് റോഡും പൂർത്തിയായാൽ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാം. മുട്ടപ്പലം ലെവൽ ക്രോസ് അടയ്ക്കുന്നതു മൂലം റോഡിന് ഇരുവശവും ഉണ്ടാകാറുള്ള ഗതാഗത കുരുക്കും ഇനി ഒഴിവാകും. കോടിമതയിൽ നിന്ന് മുട്ടമ്പലം കഞ്ഞിക്കുഴി വഴി കെ.കെ.റോഡുമായി ബന്ധിപ്പിക്കുന്ന ബൈപാസിന്റെ പ്രയോജനവും അടിപ്പാത പൂർത്തിയാകുന്നതോടെ ഉണ്ടാകും .

അടിപ്പാതയിലേക്ക് അപ്രോച്ച് റോഡ് നിർമാണത്തിനുള്ള സ്ഥലമെടുപ്പ് പൂർത്തിയായി. ഇനി നിരപ്പാക്കൽ നടക്കണം. നിലവിലെ മുട്ടമ്പലം ലവൽ ക്രോസിന് സമീപത്ത് നിന്ന് വളഞ്ഞാണ് അടിപ്പാത റോഡ് . രണ്ട് വാഹനങ്ങൾക്ക് കടന്നു പോകാം. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട തീർക്കും. അടിപ്പാത ഉപയോഗിക്കുന്ന കാൽ നടയാത്രക്കാർക്കായി നടപ്പാതയും നിർമിക്കുന്നുണ്ട്.

പി.ആൻഡ് ടി ക്വാർട്ടേഴ്സിന് സമീപത്തെ മേൽപ്പാലം റോഡിൽ മണ്ണിടിഞ്ഞ ഭാഗത്ത് റോഡ് ഗതാഗത യോഗ്യമാക്കുന്ന ജോലികൾ നടന്നു വരികയാണ് .റബർബോർഡ് കേന്ദ്ര ഓഫീസിന് സമീപം മാരിയമ്മൻ കോവിൽ മാറ്റിയ ഭാഗത്തെ നിർമാണ ജോലികളും വേഗതയിലായി.

' പാത ഇരട്ടിപ്പിക്കൽ ജോലികൾ വേഗത്തിലാക്കാൻ ഉന്നത റെയിൽ വേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. അടിപ്പാതയും മേൽപ്പാലങ്ങളും അപ്രോച്ച് റോഡുകളും അടിയന്തരമായി പൂർത്തിയാക്കി പാത ഇരട്ടിപ്പിക്കൽ ജോലികൾ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തോരാ മഴ പല സ്ഥലത്തും മണ്ണിടിച്ചിലിന് കാരണമാകുന്നു. മഴ മാറുന്നതോടെ നിർമാണ ജോലികൾ ഇനിയും വേഗത്തിലാക്കും'.

- തേമസ് ചാഴികാടൻ എം.പി