തീർപ്പാകാതെ പതിനെട്ടായിരം അപേക്ഷകൾ

Thursday 11 November 2021 12:15 AM IST

കണ്ണൂർ: തങ്ങളുടെ അപേക്ഷകൾ തീർപ്പാക്കണമെന്ന ആവശ്യവുമായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി ഭിന്നശേഷിക്കാർ. ഭിന്നശേഷിക്കാരുടെ തിരിച്ചറിയൽ കാർഡിനുളള പതിനെട്ടായിരത്തോളം അപേക്ഷകളാണ് വർഷങ്ങളായി ജില്ലയിൽ കെട്ടിക്കിടക്കുന്നത്.

കേന്ദ്ര ഗവണ്മെന്റ് തീരുമാന പ്രകാരമാണ് രാജ്യത്തെ ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയ ഏകീകൃത തിരിച്ചറിയൽ കാർഡായ യൂണിക് ഡിസബിലിറ്റി കാർഡ് നൽകുന്നത്. അപേക്ഷകരുടെ ഭിന്നശേഷി സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തേണ്ട ചുമതല ജില്ലാ മെഡിക്കൽ ഓഫീസർ നിയമിക്കുന്ന വിദഗ്ദ്ധ വൈദ്യ സംഘത്തിന്റെതാണ്. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പ്രവർത്തനം ആ മേഖലയിൽ മാത്രം വ്യാപരിച്ചപ്പോൾ ഭിന്നശേഷിക്കാരുടെ അപേക്ഷാ പരിശോധന തീർത്തും മന്ദഗതിയിലായി.
ഭിന്നശേഷിക്കാർക്ക് ട്രെയിൻ യാത്രാ സൗജന്യത്തിനുൾപ്പെടെ പ്രയോജനപ്പെടുന്ന തിരിച്ചറിയൽ കാർഡ് വിതരണം അനന്തമായി നീളുന്നത് പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരോടുളള ഉദ്യോഗസ്ഥരുടെ ദയാരഹിത സമീപനം വെളിവാക്കുന്നതാണ്.

ഭിന്നശേഷിക്കാരുടെ തിരിച്ചറിയൽ കാർഡ് വിതരണം ത്വരിത വേഗത്തിൽ സാധ്യമാക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുടെ സത്വര ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.

കെ.എൻ. ആനന്ദ് നാറാത്ത്,

സംസ്ഥാന വൈസ് പ്രസിഡന്റ്,

ഡിഫറന്റ്ലി ഏബ്ൾഡ് എംപ്ലോയീസ് അസോസിയേഷൻ

Advertisement
Advertisement