വനിതാ ജൂനിയർ സൂപ്രണ്ടിന്റെ പരാതിയിൽ ടെക്നിക്കൽ അസിസ്റ്റന്റിന് സ്ഥലംമാറ്റം

Thursday 11 November 2021 12:22 AM IST

മാറ്റം ഉദ്യോഗസ്ഥനെ സംരക്ഷിക്കാനെന്ന് ആരോപണം

കാസർകോട്: കാസർകോട് അസിസ്റ്റന്റ് ഡയറക്ടർ റീസർവേ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ആയിരുന്ന വനിതാ ജീവനക്കാരിയുടെ പരാതിയിൽ ശല്യം ചെയ്ത ഉന്നത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റും ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ നേതാവുമായ കെ.വി തമ്പാനെ തിരുവനന്തപുരം സെൻട്രൽ സർവ്വേ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻഡ് ആയാണ് മാറ്റി നിയമിച്ചത്. അവിടെ ഉണ്ടായിരുന്ന ടെക്നിക്കൽ അസിസ്റ്റൻഡ് കെ.ജി. അനിതയെ ഡയറക്ടറേറ്റിലെ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. കാസർകോട് ഓഫീസിലെ ചുമതല ഹെഡ് ഡ്രാഫ്റ്റ്സ്മാനായ കെ.പി ഗംഗാധരനും കൈമാറി.

ജൂലായ് 22 ന് ജൂനിയർ സൂപ്രണ്ട് ജി. ബിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും കാര്യാലയത്തിലെ ആന്റി ഹറാസ്മെന്റ് കമ്മിറ്റിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ടെക്നിക്കൽ അസിസ്റ്റന്റിനെ സ്ഥലം മാറ്റിയതെന്നാണ് സർവ്വേയും ഭൂരേഖയും വകുപ്പ് ഡയറക്ടർ ശ്രീറാം ശ്യാംഭവ റാവു ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥൻ ശല്യം ചെയ്യുന്നുവെന്ന ജീവനക്കാരിയുടെ പരാതിയിൽ കാസർകോട് ജില്ലാ കളക്ടർ നിയോഗിച്ച സമിതിയും ഡയറക്ടറും പ്രത്യേകം തെളിവെടുപ്പും നടത്തിയിരുന്നു. ടെക്നിക്കൽ അസിസ്റ്റന്റ് ജോലി ചെയ്യുന്ന ഓഫീസിൽ പണിയെടുക്കാൻ കഴിയില്ലെന്ന ജീവനക്കാരിയുടെ പരാതിയിൽ ജൂനിയർ സൂപ്രണ്ടിനെ കാസർകോട് കളക്ട്രേറ്റിൽ ആർ.ആർ. ഡെപ്യുട്ടി കളക്ടറുടെ കീഴിലുള്ള ഭവന നിർമ്മാണ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സെക്ഷനിലേക്ക് ജില്ലാ കളക്ടർ ഇടപെട്ടു മാറ്റി നിയമിച്ചിരുന്നു. എന്നാൽ അവിടെയും ശല്യം ചെയ്യുന്നതും കളിയാക്കലും തുടർന്നതോടെ ജീവനക്കാരി ദീർഘകാല അവധിയെടുത്തു നാട്ടിലേക്ക് പോയി. ഒരാഴ്ച മാത്രമാണ് കളക്ട്രേറ്റിൽ ഇവർ ജോലി ചെയ്തിരുന്നത്.

പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥനെ പേടിച്ചിട്ടാണ് അവധിയെടുത്തതെന്ന് ജൂനിയർ സൂപ്രണ്ട് പറഞ്ഞിരുന്നു. മൂന്നര മാസം കഴിഞ്ഞതിനു ശേഷമാണ് ഡയറക്ടർ തമ്പാനെതിരെ സ്ഥലംമാറ്റ നടപടി എടുത്തത്. വനിതാ ജീവനക്കാരികളുടെ പരാതിയിൽ 90 ദിവസത്തിനകം നടപടി എടുത്തിരിക്കണം എന്നാണ് സർക്കാർ ചട്ടം. ജീവനക്കാരിയെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന ഓഫീസിൽ നിന്നും നേരത്തെ മാറ്റിനിയമിച്ചിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം.

Advertisement
Advertisement