മികവുത്സവം: ജില്ലയിൽ 707 പേർ പരീക്ഷ എഴുതി

Thursday 11 November 2021 12:11 AM IST

തൃശൂർ: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാം ബാച്ച് സാക്ഷരതാ പരീക്ഷ 'മികവുത്സവം- 2021'ൽ ജില്ലയിൽ ഇതുവരെ 707 പേർ പരീക്ഷ എഴുതി. ഇതിൽ 568 പേർ സ്ത്രീകളും 139 പുരുഷൻമാരുമാണ്. സംസ്ഥാന വ്യപകമായി നവംബർ ഏഴ് മുതൽ 14 വരെയാണ് മികവുത്സവം നടത്തുന്നത്.

ജില്ലാ തലത്തിൽ മികവുത്സവം പരീക്ഷാ സാമഗ്രികൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയാങ്ങാട്ടിൽ വിതരണം ചെയ്തു. ബ്ലോക്ക്, നഗരസഭാ തലങ്ങളിൽ ബന്ധപ്പെട്ട ജനപ്രതിനിധികൾ ഇവ പഞ്ചായത്തുകളിലേക്ക് നൽകി. വിവിധ കേന്ദ്രങ്ങളിലെ മികവുത്സവം ജനപ്രതിനിധികൾ ചോദ്യപേപ്പർ പഠിതാക്കൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.

ചില പഞ്ചായത്തുകളിൽ പഠിതാക്കൾക്ക് എഴുതാനാവശ്യമായ പേന, പെൻസിൽ എന്നിവ ജനപ്രതിനിധികൾ നൽകിയും പഠിതാക്കൾക്ക് ലഡ്ഡു നൽകിയും പരീക്ഷയ്ക്ക് ഉത്സവച്ഛായ പകർന്നു.

Advertisement
Advertisement