മരണപ്പട്ടികയിലേക്ക് അപേക്ഷാത്തിരക്ക്

Thursday 11 November 2021 12:33 AM IST

തൃശൂർ: കൊവിഡ് ബാധിച്ച് മരിച്ചിട്ടും പട്ടികയിൽ പെടാതിരുന്നവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകരുടെ എണ്ണം കൂടുന്നു. ഒരു മാസത്തിനകം 450 ഓളം പേരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ജില്ലയിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം നാലായിരം കടന്നു.

ഇന്നലെ മാത്രം 250 ഓളം പേരെയാണ് കൊവിഡ് മരണക്കണക്കിൽ പെടുത്തിയത്. ഇതുവരെ നടന്ന നാല് യോഗങ്ങളിൽ ആദ്യ ഘട്ടത്തിൽ അമ്പത് പേരെയും രണ്ടാം തവണ 30 പേരെയും മൂന്നാം തവണ 130 പേരെയും പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ഇവർക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകുന്ന സഹായം ലഭിക്കാൻ വഴിതെളിഞ്ഞു. 50,000 രൂപയാണ് ധനസഹായം.

കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് 36 മാസക്കാലത്തേക്ക് പ്രതിമാസം 5000 രൂപയും ലഭിക്കും. അപേക്ഷ സ്വീകരിച്ച് തുടങ്ങിയതിന്റെ തുടക്കത്തിൽ അപേക്ഷകരുടെ എണ്ണം കുറവായിരുന്നെങ്കിൽ ഇപ്പോൾ നിരവധി പേർ എത്തുന്നുണ്ട്. ജില്ലയിൽ 1500ലേറെ പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടും പട്ടികയിൽ ഉൾപ്പെടാതെ കിടന്നിരുന്നു. അപേക്ഷകൾ സമർപ്പിക്കാത്തവരെയും പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട്.

ആന്റിജൻ ടെസ്റ്റ് നെഗറ്റീവായെന്ന പേരിൽ, മറ്റ് അസുഖങ്ങളുണ്ടെന്ന കാരണത്താലാണ് മരണക്കണക്കുകളിൽ പലതും പെടാതിരുന്നത്. സുപ്രീംകോടതി നിർദേശ പ്രകാരം നഷ്ടപരിഹാരം ലഭിക്കുമെന്ന സാഹചര്യം വന്നതോടെ വ്യാപക പരാതി ഉയർന്നു. ഇതോടെയാണു കണക്കുകളിൽ ഉൾപ്പെടുത്താൻ നിർബന്ധിതമായത്. ജില്ലാ തലത്തിൽ രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റി ചേർന്നാണ് അപേക്ഷകൾ തീർപ്പാക്കുന്നത്. ലഭിക്കുന്ന അപേക്ഷകളിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് നിർദ്ദേശം.

  • കൊവിഡ് മരണങ്ങൾ കുറയുന്നു

കൊവിഡ് രോഗികൾ കുറയുന്നതിനനുസരിച്ച് മരണങ്ങളും കുറഞ്ഞു. അഞ്ചിനും പത്തിനുമിടയിലാണ് ഇപ്പോൾ കൊവിഡ് മരണം. 23 ലക്ഷത്തോളം പേർ ആദ്യ ഡോസും 14 ലക്ഷത്തിലധികം പേർ രണ്ടാം ഡോസും ഇതിനകം സ്വീകരിച്ചിട്ടുണ്ട്. പ്രതിരോധ ശേഷി വർദ്ധിച്ചതും മരണ സംഖ്യ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

  • ഡാറ്റ എൻട്രിക്കാർ ഇല്ലാതെ വട്ടം കറങ്ങുന്നു

കൊവിഡ് ബ്രിഗേഡുമാരായ താത്കാലികക്കാരെ പിരിച്ചുവിട്ടതോടെ കൊവിഡ് വിവരം പോർട്ടലിലാക്കാൻ കാലതാമസം നേരിടുന്നുണ്ട്. ആരോഗ്യ വകുപ്പ് ജീവനക്കാർ തന്നെയാണ് ഇപ്പോൾ കൊവിഡ് പോർട്ടൽ കൈകാര്യം ചെയ്യുന്നത്. അതിനാൽ കൊവിഡ് ബാധിച്ചവരുടെയും മുക്തരായവരുടെയും കണക്ക് പോർട്ടലിലാക്കാൻ കഴിയാതെ വരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രോഗം സ്ഥിരീകരിച്ചവർ അഞ്ഞൂറിലധികം പേരും പകുതിയിലേറെ പേർക്ക് രോഗമുക്തി ഉണ്ടാകുന്നുണ്ടെങ്കിലും രജിസ്റ്ററിൽ ജീവനക്കാർ ഇല്ലാത്തത് മൂലം ചേർക്കുന്നത് നൂറിൽ താഴെ മാത്രമാണ്.

കൊവിഡ് കണക്ക്

  • ഇതുവരെ ഉൾപ്പെടുത്തിയത് - 450
  • ജില്ലയിലെ കൊവിഡ് മരണം - 4000ലേറെ
  • രോഗബാധിതരിൽ മരണനിരക്ക്- 0.72%
  • ഇന്നലെ മരണക്കണക്കിൽ പെടുത്തിയത്- 250
  • മരിച്ചവരുടെ കുടുംബത്തിനുള്ള സഹായം - 50,000