ശതകോടീശ്വരിമാരിൽ ഫാൽഗുനി നയ്യാർ 'നായിക"

Thursday 11 November 2021 12:00 AM IST

കൊച്ചി: പ്രമുഖ ഫാഷൻ ബ്രാൻഡായ നൈകയുടെ സ്ഥാപക സി.ഇ.ഒ ഫൽഗുനി നയ്യാർക്ക് (58) ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ, സ്വയാർജിത ശതകോടീശ്വരിപ്പട്ടം. ബ്ളൂംബെർഗിന്റെ ആഗോള ശതകോടീശ്വര പട്ടികയിലും ഇടംപിടിച്ച ഫൽഗുനി, ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പന്ന വനിതയെന്ന പട്ടവും ഇന്നലെ ഒറ്റദിവസം കൊണ്ട് സ്വന്തമാക്കി.

ഇന്ത്യയിലെ സൗന്ദര്യവർദ്ധക, ഫാഷൻ ഉല്പന്ന വിതരണ രംഗത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ നൈകയുടെ കന്നി വ്യാപാരദിനമായിരുന്നു ഇന്നലെ. നിക്ഷേപകർ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ കമ്പനിയുടെ വിപണിമൂല്യവും ഫൽഗുനിയുടെ ആസ്‌തിയും കുതിച്ചു. നൈകയുടെ പാതിയോളം ഓഹരികളും ഫൽഗുനിയുടെ കൈവശമാണ്. ഓഹരികൾ കുതിച്ചതോടെ ഫൽഗുനിയുടെ ആസ്‌തി 650 കോടി ഡോളറിലെത്തി (48,​000 കോടി രൂപ)​.

കോട്ടക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്‌ടർ പദവിയിൽ നിന്ന് സ്വയം വിരമിച്ച് 2012ൽ 50-ാം വയസിൽ ഫൽഗുനി ആരംഭിച്ച കമ്പനിയാണ്, നൈക. ഒരു വനിത നയിക്കുന്ന യുണീകോൺ കമ്പനി (100 കോടി ഡോളറിലധികം ആസ്‌തിയുള്ള സ്‌റ്റാർട്ടപ്പ്) ആദ്യമായാണ് ഓഹരി വിപണിയിൽ പ്രവേശിക്കുന്നത്.

നൈകയുടെ പിറവി

2012ൽ ഫൽഗുനി എഫ്.എസ്.എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് എന്ന കമ്പനിയുടെ കീഴിലായി 'നൈക" ബ്രാൻഡിന് തുടക്കമിട്ടു. 'നായിക" എന്ന സംസ്കൃതവാക്കാണ് നൈകയായത്. ലിപ്‌സ്റ്റിക്കുകളായിരുന്നു പ്രധാന കച്ചവടം.

ഇന്ന് സ്വന്തം ബ്രാൻഡുകളിലേത് ഉൾപ്പെടെ 2,​500ലേറെ മുൻനിര ബ്രാൻഡുകളുടെ വ്യത്യസ്‌ത ഉത്‌പന്നങ്ങൾ നൈകയിലൂടെ ഓൺലൈനിലും ഓഫ്‌ലൈനിലും വാങ്ങാം. 40 നഗരങ്ങളിലായി 80ലേറെ സ്‌റ്റോറുകളുണ്ട്. 2,​450 കോടി രൂപയാണ് കഴിഞ്ഞ മാർച്ച് പ്രകാരമുള്ള വിറ്റുവരവ്.