ഹജ്ജബ്ബയുടെ പദ്‌മശ്രീക്ക് നാരങ്ങയുടെ മണം

Thursday 11 November 2021 12:00 AM IST

രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നു ഹരേക്കള ഹജ്ജബ്ബ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നു

മംഗളൂരു: 66 വയസിനിടയിൽ ആദ്യമായാണ് ഹരേക്കള ഹജ്ജബ്ബ എന്ന നാരങ്ങ വില്പനക്കാരൻ മംഗളൂരുവിന് പുറത്തേക്കു പോകുന്നത്. രാഷ്ട്രപതിയിൽ നിന്നു പദ്മശ്രീ പുരസ്കാരം വാങ്ങാനായിരുന്നു യാത്ര. രാഷ്ട്രപതിയുടെ മുന്നിലെത്തിയപ്പോൾ ഹജ്ജബ്ബ വിറയ്ക്കുന്നുണ്ടായിരുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പദ്മശ്രീ ലഭിച്ചത്.

മംഗളൂരു സെൻട്രൽ മാർക്കറ്റിലെ നാരങ്ങാവില്പനക്കാരനായ ഹരേക്കളയിലെ ഹജ്ജബ്ബ സ്കൂൾ നടത്തിപ്പുകാരനായി വളർന്നെങ്കിലും ജീവിക്കുന്നത് നാരങ്ങയും ഓറഞ്ചും വിറ്റുതന്നെ. അതിൽ നിന്നു കിട്ടുന്ന തുകയിൽ ദിവസവും 70 രൂപ മിച്ചം പിടിച്ച് ഹരേക്കളയ്ക്കടുത്ത് ത്വാഹാ മസ്ജിദ് കെട്ടിടത്തിലെ ഒരൊറ്റ മുറിയിൽ ഹജ്ജബ്ബ തുടങ്ങിയതാണ് ഗ്രാമത്തിലെ ആദ്യ സ്കൂൾ. എല്ലാ വീടുകളിലും കയറിയിറങ്ങി രക്ഷിതാക്കളെ കണ്ട് കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ നിർബന്ധിച്ചു. സ്കൂളോ? എന്താണത്? എന്നായിരുന്നു രക്ഷിതാക്കളിൽ പലരും ചോദിച്ചത്.

തോരാമഴയിൽ കയറി നിന്ന ബന്ധം പോലും സ്കൂളുമായി ഹജ്ജബ്ബയ്ക്കുമില്ല. ആ കുറവ് ഇങ്ങനെ പരിഹരിക്കാമെന്നു ഹജ്ജബ്ബ തീരുമാനിച്ചു. 2000 ജൂണിലായിരുന്നു സ്കൂളിന്റെ തുടക്കം. ഇന്ന് പ്രൈമറി സ്കൂളും ഹൈസ്കുളും ഇവിടെ പ്രവർത്തിക്കുന്നു. രണ്ടിടത്തുംകൂടി 160 കുട്ടികൾ. ആറ് അദ്ധ്യാപികമാർ. അഭ്യുതകാംക്ഷികൾ നൽകുന്ന സംഭവനകളാണ് മൂലധനം.

ഹജ്ജബ്ബ നാരങ്ങാവിൽപ്പനക്കിടയിൽ

ഹജ്ജബ്ബ ഒരു പാഠം

മംഗളൂരു സർവ്വകലാശാലയിലെ ബിരുദ വിദ്യാർത്ഥികളുടെ പാഠപുസ്കകത്തിലും ഹജ്ജബ്ബയുടെ ജീവിതകഥയുണ്ട്. ശിവമോഗയിലെ കുവെമ്പു, ദാവൺഗരെ സർവകലാശാലകളിലും ഹജ്ജബ്ബ പാഠ്യവിഷയമാണ്. മധുര വാക്ക് എന്നർത്ഥം വരുന്ന നൂഡി വാണി എന്നാണ് പാഠഭാഗത്തിന്റെ ശീർഷകം. സി.എൻ.എൻ.ഐ.ബി. എന്നിന്റെ ദ റിയൽ ഹീറോ അവാർഡും ഹജ്ജബ്ബയെ തേടിയെത്തി.

Advertisement
Advertisement