ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പ് , 112 സീറ്റിൽ എതിരില്ലാതെ ബി.ജെ.പി

Thursday 11 November 2021 1:05 AM IST

ന്യൂഡൽഹി: ത്രിപുര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള സമയം കഴിഞ്ഞിരിക്കെ 34 ശതമാനം സീറ്റുകളിൽ ബി.ജെ.പി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

അഗർത്തല കോർപ്പറേഷനിലും 13 നഗരസഭകളിലും 6 പഞ്ചായത്തുകളിലുമായി 334 സീറ്റുകളിലായാണ് മത്സരം നടക്കുന്നത്. 112 സീറ്റുകളിലാണ് ബി.ജെ.പി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനെ തുടർന്ന് പടിഞ്ഞാറൻ ത്രിപുരയിലെ ജിറാനിയ, റാണിർ ബസാർ, മോഹൻ പൂർ, ബിഷാൽ ഗഡ്, ശാന്തിർ ബസാർ, ഉദയ് പൂർ, വടക്കൻ ത്രിപുരയിലെ കമാൽ പൂർ എന്നീ ഏഴ് നഗരസഭകളിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമായി.

എന്നാൽ ഭീഷണിയും അക്രമവും കാരണം തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനായില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. പത്രിക നൽകിയ പലരെയും ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചതായി അവർ പറഞ്ഞു. ബി.ജെ.പി ഇത് നിഷേധിച്ചു.

മുഴുവൻ സീറ്റുകളിലും മത്സരിക്കുന്നത് ബി.ജെ.പി മാത്രമാണ്. സി.പി.എം (212), തൃണമൂൽ കോൺഗ്രസ് (124), കോൺഗ്രസ് (100), സി.പി.ഐ (6), ഫോർവേഡ് ബ്ലോക്ക് (5), ആർ.എസ്.പി (2) എന്നിങ്ങനെയാണ് വിവിധ പാർട്ടികൾ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം. 29 സ്വതന്ത്ര സ്ഥാനാർത്ഥികളും രംഗത്തുണ്ട്. നവം.25ന് തിരഞ്ഞെടുപ്പ് നടക്കും. 28നാണ് ഫലപ്രഖ്യാപനം.

Advertisement
Advertisement