ഇന്ധനവില: സർക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് കെ.സുധാകരൻ

Thursday 11 November 2021 12:54 AM IST

തിരുവനന്തപുരം: ഇന്ധനവില കുറയ്‌ക്കാൻ തയ്യാറാകാത്ത പിണറായി സർക്കാരിന് കോൺഗ്രസിന്റെ ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ ഭാരവാഹിയോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

18ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തും.

ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ 19ന് ജില്ലാ-ബ്ലോക്ക്-മണ്ഡലം-ബൂത്ത് തലങ്ങളിൽ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിക്കും. നവംബർ 22ന് ബംഗ്ലാദേശ് വിമോചനത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന പ്രത്യേക പരിപാടി സച്ചിൻ പൈലറ്റ് ഉദ്ഘാടനം ചെയ്യും.

കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന് കെ.പി.സി.സി.ഭാരവാഹികൾക്കും നിർവാഹകസമിതി അംഗങ്ങൾക്കും 24,25 തീയതികളിൽ നെയ്യാർഡാം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ പരിശീലനം നൽകും. കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനവും ഡി.സി.സി, ബ്ലോക്ക്, മണ്ഡലം തലത്തിലുള്ള പുന:സംഘടനയും ഉടൻ പൂർത്തിയാക്കും.

ജോജുവിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ താൻ യൂത്ത് കോൺഗ്രസിനെ തള്ളിയെന്ന വാർത്ത ശരിയല്ല. സിനിമാ ചിത്രീകരണങ്ങൾ തടസപ്പെടുത്തുന്ന രീതിയിലുള്ള സമരങ്ങൾ നടത്തരുതെന്ന് പോഷകസംഘടനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

മുല്ലപ്പെരിയാർ സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പച്ചക്കളളമാണ് ഒരോ ദിവസവും തട്ടിവിടുന്നതെന്നും നിയമസഭയെ തെറ്റിദ്ധരിപ്പിച്ച നാണംകെട്ട മന്ത്രി ആത്മാഭിമാനമുണ്ടെങ്കിൽ രാജിവയ്‌ക്കണമെന്നും സുധാകരൻ പറഞ്ഞു.

Advertisement
Advertisement