ലൈഫ് മിഷൻ അർഹതാ പരിശോധന

Thursday 11 November 2021 12:00 AM IST

ആലപ്പുഴ: ലൈഫ് മിഷന്റെ 2017ലെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതിരുന്നവരിൽ നിന്ന് പിന്നീട് ലഭിച്ച അപേക്ഷകളുടെ അർഹതാ പരിശോധന ജില്ലയിൽ പുരോഗമിക്കുന്നു. ആകെ 62,173 അപേക്ഷകളാണ് ഓൺലൈനിൽ ലഭിച്ചത്. ഇതിൽ 47,403 പേർ ഭൂമിയുള്ള ഭവനരഹിതരും 14,770 പേർ ഭൂരഹിത ഭവനരഹിതരുമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഗുണഭോക്താക്കളുടെ താമസ സ്ഥലങ്ങളിലെത്തിയാണ് പരിശോധന നടത്തുന്നത്. 30നകം നടപടികൾ പൂർത്തിയാക്കും. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാന സാക്ഷ്യപത്രം, ഭൂമിയുടെ കരം അടച്ച രസീത്, മുൻഗണന ലഭിക്കുന്നതിനായി സമർപ്പിച്ച രേഖകൾ, ഭൂമിയില്ലാത്തവർ അതുസംബന്ധിച്ച സാക്ഷ്യപത്രം തുടങ്ങിയവയുടെ അസൽ പരിശോധനയ്ക്കായി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകണം.

30 നുള്ളിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയില്ലെങ്കിൽ ബന്ധപ്പെട്ട ഓഫീസുകളിൽ നേരിട്ട് അറിയിക്കാം. അപേക്ഷകൾക്കൊപ്പം അനുബന്ധ രേഖകൾ സമർപ്പിച്ചിട്ടില്ലെങ്കിൽ പരിശോധനാ സമയത്ത് ഹാജരാക്കാം. അപേക്ഷയിൽ തദ്ദേശ സ്ഥാപനത്തിന്റെ പേരോ വാർഡ് നമ്പരോ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ തിരുത്തൽ വരുത്തുന്നതിന് ലൈഫ് മിഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

കളക്ടർ എ. അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി പരിശോധനാ നടപടികളുടെ പുരോഗതി വിലയിരുത്തി. ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പി. ഉദയസിംഹൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ ബി. ബെഞ്ചമിൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. അനീഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഏകോപനത്തിന് നാല് ഉദ്യോഗസ്ഥർ

1. ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടർ (ഭരണിക്കാവ്, മാവേലിക്കര, ചെങ്ങന്നൂർ ബ്ലോക്കുകൾ)

2. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ (ഹരിപ്പാട്, മുതുകുളം, അമ്പലപ്പുഴ ബ്ലോക്കുകൾ)

3. ജില്ലാ പട്ടികജാതി വികസന ഓഫീസർ (ആര്യാട്, ചമ്പക്കുളം, വെളിയനാട്)
4. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (തൈക്കാട്ടുശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി), നഗരകാര്യ റീജിയണൽ ജോ. ഡയറക്ടർ (മുനിസിപ്പാലിറ്റികൾ)

Advertisement
Advertisement