എം.പി വികസന ഫണ്ട് വീണ്ടും ,​ ഈ വർഷം രണ്ട് കോടി , കേന്ദ്രം എടുത്തത് 7900 കോടി

Thursday 11 November 2021 12:00 AM IST

ന്യൂഡൽഹി: കൊവിഡ് ദുരിതാശ്വാസത്തിന് തുക കണ്ടെത്താൻ രണ്ടു വർഷത്തേക്ക് മരവിപ്പിച്ച എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം പുനഃസ്ഥാപിച്ചു. ഈ സാമ്പത്തിക വർഷം ഒരു എം.പിക്ക് രണ്ട് കോടി രൂപ ലഭിക്കും. അടുത്ത വർഷം മുതൽ പഴയതുപോലെ അഞ്ചു കോടി നൽകും.2026വരെയുള്ള സാമ്പത്തിക വർഷത്തേക്കാണ് അനുമതി.

ഈ വർഷത്തേക്ക് മാത്രം 1583.5 കോടി രൂപ വേണ്ടിവരും.2026 വരെയുള്ള മൊത്തം ബാദ്ധ്യത 17,417 കോടിയാണ്. 2020 ഏപ്രിലിൽ രണ്ടു വർഷത്തേയ്ക്ക് ഫണ്ട് മരവിപ്പിച്ചതിലൂടെ കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രത്തിന് 7900 കോടി ലഭിച്ചു. സാമ്പത്തിക പരാധീനത മറികടക്കുന്ന പശ്ചാത്തലത്തിലാണ് ഫണ്ട് പുനഃസ്ഥാപിക്കുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു

ചെലവഴിക്കുന്നത്

സ്വന്തം മണ്ഡലത്തിൽ അല്ലെങ്കിൽ ജില്ലയിൽ പ്രാദേശിക വികസനത്തിനായി എം.പിമാർക്ക് ജില്ലാ കളക്ടർമാരിലൂടെ വിനിയോഗിക്കാനുള്ള ഫണ്ടാണ് അഞ്ചു കോടി രൂപ.രണ്ടര കോടിയുടെ രണ്ടു ഗഡുക്കളായാണ് അനുവദിക്കുക. രാജ്യസഭാംഗത്തിന് താൻ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളിൽ ചെലവഴിക്കാം. രാജ്യസഭയിലെ നോമിനേറ്റഡ് അംഗത്തിന് ഏതു സംസ്ഥാനത്തെയും ഒന്നിലധികം ജില്ലകൾ തിരഞ്ഞെടുക്കാം.