ഇന്ത്യൻ നേവിക്ക് ആദ്യ മലയാളി നായകൻ

Thursday 11 November 2021 12:00 AM IST

ന്യൂഡൽഹി:നാവിക സേനാ മേധാവിയാകുന്ന ആദ്യ മലയാളിയെന്ന ബഹുമതിയുമായാണ് തിരുവനന്തപുരം സ്വദേശിയായ വൈസ് അഡ്മിറൽ ആർ. ഹരികുമാർ ചുമതലയേൽക്കുന്നത്. കന്യാകുമാരി ജില്ലയിലെ നെയ്യൂർ സ്വദേശി അന്തരിച്ച മുൻ നാവിക സേനാ മേധാവി സുശീൽ കുമാർ ഐസക്ക് പാതി മലയാളിയായിരുന്നു.

മുംബയ് ആസ്ഥാനമായ വെസ്റ്റേൺ നേവൽ കമാൻഡ് മേധാവിയായ ഹരികുമാർ നവംബർ 30ന് ഉച്ചയ്‌ക്ക് ഡൽഹി നാവിക സേനാ ആസ്ഥാനത്ത് ചുമതലയേൽക്കുമെന്നാണ് വിവരം. ഇപ്പോഴത്തെ മേധാവി അഡ്മിറൽ കരംബീർ സിംഗ് അന്നു രാവിലെ സ്ഥാനമൊഴിയും.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹരികുമാർ പശ്ചിമ നേവൽ കമാൻഡ് മേധാവിയായി ചുമതലയേറ്റത്. നാവിക സേനാ മേധാവിയായി പരിഗണിക്കുന്നവരിൽ രണ്ടാമനായിരുന്നു അദ്ദേഹം. സീനിയോറിറ്റിയിൽ മുന്നിലായിരുന്ന സതേൺ കമാൻഡ് മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്‌ളയുടെ കാലാവധിയും നവംബർ 30ന് പൂർത്തിയാകും. ഇതാണ് ഹരികുമാറിന് നേട്ടമായത്. 59കാരനായ ഹരികുമാറിന് 2024വരെ നാവിക സേനാ മേധാവിയായി തുടരാം.

ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിരാട് അടക്കം അഞ്ച് പടക്കപ്പലുകളെ നയിച്ച പരിചയ സമ്പത്തുമായാണ് ഹരികുമാർ ഇന്ത്യൻ നേവിയുടെ നായകനാവുന്നത്. കപ്പലുകൾ അടക്കം കടലിലെ ശത്രു ലക്ഷ്യങ്ങൾ വെടിവച്ച് തകർക്കുന്നതിൽ വിദഗ്ദ്ധനാണ് ഹരികുമാർ. കടൽയുദ്ധതന്ത്രത്തിലെ മികവിന്റെ അംഗീകാരമായി സീഷെൽസ് സർക്കാരിന്റെ നേവൽ ഉപദേശക പദവിയും തേടിയെത്തി. ഐ.എൻ.എസ് ദ്രോണാചാര്യയിൽ ട്രെയിനിംഗ് കമാൻഡർ, ഗോവ നേവൽ വാർ കോളേജിന്റെ കമാൻഡർ പദവികളിൽ ഇന്ത്യയുടെ ഭാവി നേവൽ ഓഫീസർമാരുടെ പരിശീലന ചുമതലയും വഹിച്ചു. 1992-93ൽ സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ യു.എൻ സമാധാന ദൗത്യസംഘത്തിന്റെ ഭാഗമായിരുന്നു.

മൂന്ന് സായുധ സേനകളുടെയും ഏകോപനവും പ്രവർത്തന മികവും ലക്ഷ്യമിടുന്ന തിയേറ്റർ കമാൻഡ് സംവിധാനത്തിലേക്ക് ഇന്ത്യയും മാറുന്ന നിർണായക വേളയിലാണ് ഹരികുമാർ നാവിക സേനയുടെ തലപ്പത്തെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ഉന്നതതല കമ്മിറ്റികളിൽ അദ്ദേഹം അംഗമായിരുന്നു.