തോരാതെ തുലാവർഷം: കണ്ണീരിൽ മുങ്ങി കതിരുകൾ

Thursday 11 November 2021 12:00 AM IST

കൊയ്ത്ത് യന്ത്രക്ഷാമം രൂക്ഷം

ആലപ്പുഴ: തുലാവർഷം തോരാതെ പെയ്യുന്നതും കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമവും കുട്ടനാട്, അപ്പർകുട്ടനാട്, കരിനില പാടശേഖരങ്ങളിൽ രണ്ടാംകൃഷിയുടെ വിളവെടുപ്പ് പ്രതിസന്ധിയിലാക്കി. ദീപാവലിക്ക് ശേഷം കൂടുതൽ കൊയ്ത്ത് യന്ത്രങ്ങൾ തമിഴ്നാട്ടിൽ നിന്നെത്തുമെന്ന് കൃഷി വകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നെങ്കിലും എത്തിക്കാനായില്ല. ഇതുവരെ 2000 ഓളം ഹെക്ടറിലാണ് വിളവെടുപ്പ് പൂർത്തിയാക്കാനായത്. നൂറുമേനി വിളവുള്ള നെൽചെടികൾ ആഴ്ചകളായി നിലംപൊത്തി കിളർത്ത് തുടങ്ങിയതും കർഷകർക്ക് തിരിച്ചടിയായി.
ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് നെൽച്ചെടികൾ നിലംപൊത്തിയത്. വിളവ് പാകമാകുന്നതിന് കാത്തിരുന്നതോടെ വെള്ളം കെട്ടിനിന്ന് പല പാടങ്ങളിലും യന്ത്രം ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. 10 മുതൽ 40 ദിവസം വരെ കൊയ്ത്ത് പ്രായം കഴിഞ്ഞ നെൽച്ചെടികളാണ് നശിച്ചുതുടങ്ങിയത്. കൊയ്യുന്നതിനിടെ നെല്ല് ഉതിർന്ന് പോകുന്നതും നഷ്ടം വർദ്ധിപ്പിക്കുന്നു.

വേനൽക്കാലത്ത് ഒന്നര മണിക്കൂർ കൊണ്ട് ഒരേക്കർ കൊയ്തിരുന്നിടത്ത് ഇപ്പോൾ മൂന്ന് മണിക്കൂറാണ് വേണ്ടിവരുന്നത്. ഇതിന് പുറമേ 2,200 രൂപയായിരുന്ന യന്ത്ര വാടക ഏജന്റുമാർ 2,600 രൂപയിലേക്ക് ഉയർത്തി. ഇന്ധന വിലവർദ്ധനവിന്റെ പേരിലാണ് അധിക തുക ഈടാക്കുന്നത്.

മഴയിൽ നനഞ്ഞ് കണക്ക് തെറ്റി

കാലാവസ്ഥാ വ്യതിയാനം മൂലം പല ഘട്ടങ്ങളിലായാണ് ഇത്തവണ രണ്ടാം കൃഷിയിറക്കിയത്. ഇതിനനുസരിച്ച് വിളവെടുത്താൽ മതിയെന്ന കണക്കുകൂട്ടലാണ് ഇപ്പോൾ പിഴച്ചത്. അതിനാൽ കുറച്ച് യന്ത്രങ്ങൾ മാത്രമാണ് ആദ്യം എത്തിച്ചത്. അപ്രതീക്ഷിതമായെത്തിയ ന്യൂനമർദ്ദ മഴയിൽ കൊയ്ത്ത് ആഴ്ചകളോളം നിലച്ചു. ഇതിനിടെ എല്ലാ പാടങ്ങളും കൊയ്ത്തിന് പാകമായതോടെ ആവശ്യത്തിന് യന്ത്രങ്ങളും കിട്ടാതായി. ഇരുന്നൂറിലധികം കൊയ്ത്ത് യന്ത്രങ്ങൾ വേണ്ടിയിരുന്നിടത്ത് 45 യന്ത്രങ്ങളാണ് ആദ്യം എത്തിച്ചത്. ദീപാവലിക്ക് ശേഷം നൂറോളം യന്ത്രങ്ങൾ എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 20എണ്ണം മാത്രമാണ് ഇന്നലെ വരെ എത്തിക്കാനായത്.

പഞ്ചക്കൃഷി വൈകും

1. കൃഷിയിറക്കുന്നത് 25,000 ഹെക്ടറിൽ

2. ഇതുവരെ വിതച്ചത് 500 ഹെക്ടറിൽ

3. രണ്ടാം കൃഷി വിളവെടുപ്പും പൂർത്തിയായില്ല

4. വിത വൈകിയാൽ ഉപ്പുവെള്ള ഭീഷണി

5. തോട്ടപ്പള്ളി പൊഴിയിൽ നിന്ന് രാത്രികാലത്ത് ഉപ്പുവെള്ളം കയറുന്നു

6. വൃശ്ചികമാസത്തിലെ വേലിയേറ്റത്തിൽ ഓരുവെള്ളം കൂടുതലായി കയറും

രണ്ടാം കൃഷി ഹെക്ടറിൽ

വിതച്ചത്: 8,​534.7

വിളവെടുത്തത്: 2,000

യന്ത്രവാടക മണിക്കൂറിൽ: ₹ 2, 200 - 2,600

""

മിക്ക പാടങ്ങളിലും ഒന്നും രണ്ടും യന്ത്രങ്ങൾ വീതമാണ് നൽകിയിരിക്കുന്നത്. ഇതിനാൽ കൊയ്ത്ത് നീളുകയാണ്. നെല്ല് കിളിർത്ത് നശിച്ചുതുടങ്ങി.

രാധാകൃഷ്ണൻ,​ കർഷകൻ,​ കുട്ടനാട്

Advertisement
Advertisement