സ്കൂൾ വണ്ടിയിറക്കാൻ പായസ ചലഞ്ച്

Thursday 11 November 2021 12:00 AM IST

പൂച്ചാക്കൽ: സ്കൂൾ വണ്ടി നിരത്തിലിറക്കാൻ പായസ ചലഞ്ചിലൂടെ ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് അരൂക്കുറ്റി മറ്റത്തിൽ ഭാഗം ഗവ. എൽ.പി സ്കൂൾ. കൊവിഡിനെ തുടർന്ന് ഒന്നരവർഷമായി ഓട്ടം നിലച്ച വണ്ടി സ്റ്റാർട്ടാക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. അറ്റകുറ്റപ്പണി, ഇൻഷ്വറൻസ്, ജി.പി.എസ് ഘടിപ്പിക്കൽ എന്നിവയ്ക്കായി ഒന്നര ലക്ഷത്തിലധികം രൂപ വേണ്ടിവരും. സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂൾ മാനേജിംഗ് കമ്മിറ്റിയാണ് പൊതുജനങ്ങളുടെ സഹകരണത്തോടെ ഫണ്ട് കണ്ടെത്തുന്നത്. 28ന് രണ്ടായിരം ലിറ്റർ പായസം വീടുകളിലെത്തിച്ച് തുക സമാഹരിക്കാനാണ് ലക്ഷ്യം. യോഗത്തിൽ ചെയർമാൻ കെ.എം. അബ്ദുൾ ഖാദർ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ പി.ഡി. ജോഷി, അദ്ധ്യാപക പ്രതിനിധി എം.കെ. അബ്ദുൾ റഹ്മാൻ, എസ്.എം.സി അംഗങ്ങളായ കെ.പി. കബീർ, ശശിധരൻ നായർ, വിനു ബാബു, സിമി, അനീഷ, നൗഫർ, ജിജുക്കുട്ടൻ, അനുമോൾ, പ്രവിത, വിദ്യാകുമാരി എന്നിവർ സംസാരിച്ചു.

Advertisement
Advertisement