മന്ത്രിയും കലണ്ടറും

Thursday 11 November 2021 1:40 AM IST

അടുത്തയാഴ്ച ശബരിമല തീർത്ഥാടനം തുടങ്ങുകയാണ്. കൊവിഡ് സാഹചര്യത്തിൽ ദിവസേന ഇരുപത്തയ്യായിരം തീർത്ഥാടകരെ വീതം ദർശനത്തിന് അനുവദിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭക്തർക്ക് മുൻകാലങ്ങളിലെപ്പോലെ ദർശനം നടത്താൻ കഴിയാത്തതിന്റെ പ്രയാസങ്ങളുണ്ടാകും. കൊവിഡ് പൂർണമായും വിട്ടുപോയിട്ടില്ലാത്തതിനാൽ ഇത്തവണ കൂടി തീർത്ഥാടകർ ക്ഷമ കാട്ടേണ്ടതുണ്ടെന്നാണ് ആരോഗ്യ സംവിധാനങ്ങൾ അഭിപ്രായപ്പെടുന്നത്. ഭക്തരുടെതായാലും ആരോഗ്യ പരിരക്ഷ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അസംതൃപ്തിയോടെ തീർത്ഥാടകർ സർക്കാർ നിർദേശങ്ങൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ, കൊവിഡ് സാഹചര്യമല്ലെങ്കിലും ഇത്തവണ ശബരിമല തീർത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചതിൽ സന്തോഷിക്കുന്ന ഒരേയൊരു സർക്കാർ വകുപ്പുണ്ട്. അത് നമ്മുടെ പൊതുമരാമത്താണ്. ഇൗ തീർത്ഥാടന കാലം ഭക്തരുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. കൊവിഡ് മഹാമാരിയെ ഭയന്നിട്ടല്ല. സംസ്ഥാനത്തെ, പ്രത്യേകിച്ച് പത്തനംതിട്ടയിലെ ശബരിമല പാതകളിലൂടെ സഞ്ചരിച്ചാൽ തീർത്ഥാടകർക്കുണ്ടാകാൻ പോകുന്ന പലവിധ ഒടിവും ചതവും പറയേണ്ടതില്ല. പഴിയേറെ കേൾക്കേണ്ടി വരിക പൊതുമരാമത്തിനായിരിക്കും. അന്യസംസ്ഥാനക്കാർ ഏറെയും ശബരിമലയിലേക്ക് എത്തുന്നത് പുനലൂർ - കോന്നി-പത്തനംതിട്ട-പമ്പ റൂട്ടിലും റാന്നി-പമ്പ റൂട്ടിലുമാണ്. തമിഴ്നാട്ടിലെയും കർണാടകയിലെയും ആന്ധ്രയിലെയും പോലെ കണ്ണാടി കണക്കെ തിളങ്ങുന്നതല്ല ഇപ്പോൾ പത്തനംതിട്ട ജില്ലയിലെ ശബരിമല റോഡുകൾ. മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ റോഡുകൾ തകർന്നു കിടക്കുന്നു. ഒരു കുഴിയിൽ നിന്ന് അടുത്ത കുഴിയിലേക്ക് എന്ന രീതിയിലാണ് യാത്ര. കഠിനമായ ഇൗ റോഡുകളിലേക്ക് കയറുമ്പോൾ, ആപത്തൊന്നുമില്ലാതെ നിൻ കൺമുന്നിൽ എത്തിക്കേണേ ശരണമയ്യപ്പാ എന്ന് ഭക്തർ അറിയാതെ പ്രാർത്ഥിച്ചുപോകും. മലയിറങ്ങുമ്പോൾ ആപത്ത് വരാതെ അതിർത്തി കടത്താൻ പ്രത്യേകം വഴിപാടും നടത്തിയേക്കും.

  • മണ്ഡലകാലം വരും പോകും

ശബരിമല പാതയുടെ തകർച്ചയും അറ്റകുറ്റപ്പണികളും ഒാരോ മണ്ഡലകാലം വരുമ്പോഴും ചർച്ചയാകാറുണ്ട്. എല്ലാവർഷവും നവംബർ പകുതിയോടെ തീർത്ഥാടനം തുടങ്ങുമെന്ന് ഭരണകൂടങ്ങൾക്ക് അറിയാത്തതല്ല. എല്ലാ വർഷവും ഒക്ടോബർ അവസാന വാരത്തിലാണ് ഒരുക്കങ്ങളുടെ അവലോകന യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്. വാർഷിക വഴിപാട് പോലെ നടത്തുന്ന ഇത്തരം യോഗങ്ങൾ പ്രഹസനമാകുന്നതും അപഹാസ്യമാകുന്നതും കഴിഞ്ഞ കാലങ്ങളിൽ കണ്ടിട്ടുള്ളതാണ്. ഇത്തവണ ഇത്തിരി വൈകിപ്പോയെന്നു മാത്രം. അടുത്തയാഴ്ച തുടങ്ങുന്ന ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി റോഡുകളുടെ സ്ഥിതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി പത്തനംതിട്ടയിലെത്തിയത് കഴിഞ്ഞ ദിവസമാണ്. തകർന്നു കിടക്കുന്നതും പണിപൂർത്തിയാകാത്തതുമായ റോഡുകളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എന്തു ചെയ്യാൻ എന്ന ചോദ്യത്തിൽ പഴി കേൾക്കേണ്ടി വന്നത് മഴക്കാലത്താണ്. പ്രളയവും ഉരുൾപൊട്ടലും കൂടി സംഭവിച്ചതിനാൽ റോഡ് പണികൾ തുടങ്ങിയത് പൂർത്തീകരിക്കാനോ, അറ്റകുറ്റപ്പണികൾ നടത്താനോ കഴിഞ്ഞില്ലെന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി. ഇൗ വർഷം മുൻ വർഷത്തേക്കാൾ 169 ശതമാനം അധികമഴ പത്തനംതിട്ടയിൽ പെയ്തുവെന്ന കണക്കുമായാണ് മന്ത്രിയെത്തിയത്.

2018 മുതൽ ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ പെരുമഴയും പ്രളയവും ഉരുൾപൊട്ടലും സംഭവിക്കുന്നത് മന്ത്രിക്ക് അറിവില്ലെന്നാണോ?. ശബരിമല റോഡുകൾ ദീർഘകാല അടിസ്ഥാനത്തിൽ പുനർനിർമിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുമെന്നാണ് മുൻകാല പൊതുമരാമത്ത് മന്ത്രിമാരെല്ലാം പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഖ്യാപനങ്ങൾ പ്രളയം പോലെ കുത്തൊഴുക്കായി പോയിട്ടേയുള്ളൂ. പ്രധാന ശബരിമല പാതയായ പുനലൂർ - മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായി റോഡുകൾ കുത്തിപ്പൊളിച്ച് പണിയാൻ തുടങ്ങിയിട്ട് മാസങ്ങളായി. പുനലൂർ മുതൽ റാന്നി വരെ നടന്നു പോകാൻ പോലും കഴിയാത്ത വിധമാണ് കുഴികളും മാർഗതടസങ്ങളും. അടുത്തമാസം വരെയാണ് ഹൈവെയു‌ടെ നിർമാണ കാലാവധിയെങ്കിലും അത് നടക്കാൻ പോകുന്നില്ലെന്ന് കഴിഞ്ഞ ദിവസം എത്തിയ മന്ത്രിക്ക് ബോധ്യമായിട്ടുണ്ടാകും.

  • പ്രഖ്യാപനങ്ങൾക്ക് കുറവില്ല

പുതിയ മന്ത്രിയെന്ന നിലയിൽ മുഹമ്മദ് റിയാസ് നടത്തിയ പ്രഖ്യാപനത്തിനും ഉണ്ട് പുതുമ. ശബരിമല റോഡുകളുടെ പ്രവൃത്തികൾ വിലയിരുത്താൻ പ്രത്യേക കലണ്ടർ തയ്യാറാക്കുമെന്ന പ്രഖ്യാപനം കേട്ട് പത്തനംതിട്ടക്കാർ നെറ്റിചുളിക്കുകയാണ്. 2022 ജനുവരി 15 മുതൽ മെയ് 15 വരെ കലണ്ടർ പ്രകാരം വിലയിരുത്തുമെന്നാണ് മന്ത്രി പറഞ്ഞത്. കലണ്ടർ പ്രകാരം പണികൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഡെപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെയും നിയമിച്ചു. പുനലൂർ - മൂവാറ്റുപുഴ റോഡ് ഇത്തവണ തീർത്ഥാടകർക്ക് യാത്ര ചെയ്യത്തക്ക നിലയിൽ രാത്രിയും പകലും പണികൾ നടത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. നിലവിലുളള പണികൾ ശാസ്ത്രീയമായ രീതിയിലാണോ നടക്കുന്നതെന്നും പരിശോധിക്കും, വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളുമായി മന്ത്രി മടങ്ങി.

ദേശീയ പ്രാധാന്യമുള്ള ശബരിമല തീർത്ഥാടനത്തിൽ ഭക്തരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് ശാസ്ത്രീയവും ദീർഘവീക്ഷണവുമുള്ല പദ്ധതികൾ വേണമെന്ന് കാലങ്ങളായി മുറവിളി ഉയരാറുണ്ട്. അതിൽ പ്രധാനമാണ് ശബരിമലയിലേക്ക് എത്താനുള്ള റോഡുകൾ ഉന്നത നിലവാരത്തിൽ നിർമിക്കുകയെന്നത്. വർഷം തോറും കരാർ നൽകി റോഡുകൾ പുതുക്കി നിർമിക്കുന്നതിന് പകരം അന്താരാഷ്ട്ര നിലവാരത്തിലുള്ള ദീർഘകാല പദ്ധതികൾ നടപ്പാക്കാൻ ആരും തയ്യാറാല്ല. കരാറുകാർക്ക് വർഷാവർഷം പണിയുണ്ടെെങ്കിലേ രാഷ്ട്രീയക്കാരുടെ പോക്കറ്റ് നിറയൂ. അതുകൊണ്ട് ഒാരോ വർഷവും പുതുക്കി നിർമിക്കുന്ന റോഡ് പദ്ധതികളോടാണ് എല്ലാവർക്കും താത്‌പര്യം.