കൊവിഡ് വിനയായി സമുദ്രങ്ങളിലെത്തിയത് 25000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ

Thursday 11 November 2021 1:57 AM IST

ന്യൂയോർക്ക്​: കൊവിഡ് മഹാമാരിയെത്തുടർന്ന് ആഗോളതലത്തിലുണ്ടാത് അതിഗുരുതരമായ പരിസ്ഥിതി മലിനീകരണമെന്ന് റിപ്പോ‌ർട്ട്. കൊവിഡ് മൂലം ആഗോളതലത്തിൽ ഇതുവരെയുണ്ടായത് 80 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം. ഇതിൽ 25,000 ടണ്ണിലധികം മാലിന്യം സമുദ്രത്തിലെത്തിയതായും പഠനത്തിൽ കണ്ടെത്തി. കൊവിഡ് മൂലമുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യ പുറന്തള്ളലും ആഗോള സമുദ്രങ്ങളിലെ പ്രശ്നങ്ങളും എന്ന വിഷയത്തിൽ നാഷനൽ അക്കാദമി ഒഫ് സയൻസസിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത് നിയന്ത്രണാതീതമായ കാലാവസ്ഥാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യത്തിൽ കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങളാണെന്ന വസ്തുത സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. കൊവിഡ് കാലത്ത് ഉത്പ്പാദിപ്പിക്കുന്ന അധിക പ്ലാസ്റ്റിക് മാലിന്യത്തിന്റെ 90 ശതമാനവും ആശുപത്രികളിൽനിന്നാണ്. ബാക്കിയുള്ള 7.6 ശതമാനം വ്യക്തികളിൽനിന്നും 4.7 ശതമാനം പാക്കേജിങ് ഉൾപ്പെടെയുള്ളവരിൽ നിന്നുമാണെന്നും പഠനത്തിൽ പറയുന്നു.

ഫേസ് മാസ്‌ക്കുകൾ, ഗ്ലൗസുകൾ, പി.പി.ഇ കിറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ആശുപത്രി മാലിന്യം സംസ്‌ക്കരിക്കാൻ വികസ്വര രാജ്യങ്ങളിൽ ഫലപ്രദമായ മാർഗങ്ങളില്ലാത്തത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുന്നു. തെറ്റായി കൈകാര്യം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ 46 ശതമാനവും ഏഷ്യയിൽ നിന്നാണെന്നും പഠനം വെളിപ്പെടുത്തി. യൂറോപ്പിൽ നിന്ന് 24 ശതമാനവും വടക്കൻ, തെക്കേ അമേരിക്കയിൽ 22 ശതമാനവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സമുദ്രങ്ങളിലെത്തിയത്. ആഗോളതലത്തിൽ 2020ൽ മാത്രം 15,60,000 ഫേസ് മാസ്‌കുകൾ സമുദ്രത്തിലെത്തി. ഇത്തരം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമുദ്ര ജീവികൾ വഴി ഉൾക്കടലിലേയ്ക്ക് എത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ പ്ലാസ്റ്റിക് മാലിന്യം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് യു.എസിലാണെങ്കിലും എന്നാൽ ഇവ ശരിയായ രീതിയിൽ സംസ്‌കരിക്കുന്നതിനാൽ വലിയ മാലിന്യ പ്രശ്നമുണ്ടാക്കുന്നില്ലെന്നും ന്യൂയോർക്കിലെ പ്രശസ്ത ആരോഗ്യ ഗവേഷകയായ കസാൻഡ്ര തീൽ അഭിപ്രായപ്പെട്ടു.

ലോകത്തെ ആദ്യത്തെ കാലാവസ്ഥാ വ്യതിയാന രോഗി കാനഡയിൽ

ഒട്ടാവ: ലോകത്താദ്യമായി കാലാവസ്ഥാ വ്യതിയാന രോഗത്തിന് ചികിത്സ തേടി 70കാരി. കാനഡയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ രോഗകാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.നിർജ്ജവീകരണം ഉൾപ്പെടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇവർക്കുണ്ട്. ശ്വാസ തടസം കൂടാതെ ശരീരത്തിലെ ജലാംശം നിലനിർത്താൻ പ്രയാസം നേരിടുന്നതുൾപ്പെടെ മറ്റ് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളും ഇവർ നേരിടുന്നുണ്ട്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുണ്ടായ കാട്ടുതീ കാരണമാണ് ഇവരുടെ ശ്വാസതടസം വർദ്ധിച്ചതെന്നാണ് കണ്ടെത്തൽ. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് ഇപ്പോൾ രോഗിക്ക് നൽകുന്നതെന്നും കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനുതകുന്ന നടപടികൾ അന്താരാഷ്ട്രസമൂഹം സ്വീകരിക്കേണ്ടതുണ്ടെന്നും രോഗിയെ ചികിത്സിക്കുന്ന ഡോക്ടർ കൈൽ മെറിറ്റ് പറഞ്ഞു.

കാനഡയിലും യു.എസിന്റെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെടുന്ന ഉഷ്ണ തരംഗങ്ങളുടെ എണ്ണം ഗണ്യമായ വർദ്ധിച്ചിട്ടുണ്ട്. ഉഷ്ണതരംഗം മൂലം ബ്രിട്ടീഷ് കൊളംബിയയിൽ മാത്രം ഈ വർഷം 232 പേരാണ് മരണമടഞ്ഞത്.

Advertisement
Advertisement